ഇന്ത്യയുടെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതെത്തി വിരാട് കോഹ്‌ലി. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന കോഹ്‌ലി സാക്ഷാല്‍ വീരേന്ദര്‍ സെവാഗിനെ മറികടന്നാണ് അഞ്ചാമതെത്തിയത്. 103 ടെസ്റ്റില്‍ 23 സെഞ്ച്വറികളും 31അര്‍ധശതകങ്ങളുമടക്കം 49.43 ശരാശരിയില്‍ 8503 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. തന്റെ 110-ാം ടെസ്റ്റ് കളിക്കുന്ന കോഹ്‌ലിയുടെ അക്കൗണ്ടില്‍ 28 വീതം സെഞ്ച്വറിയും അര്‍ധശതകങ്ങളുമടക്കം 48.93 ശരാശരിയില്‍ 8515 റണ്‍സാണ് ഇപ്പോഴുള്ളത്.
ബാറ്റിങ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറാണ് 200 ടെസ്റ്റില്‍ 51 സെഞ്ച്വറിയും 68 അര്‍ധശതകങ്ങളുമടക്കം 53.78 ശരാശരിയില്‍ 15, 921 റണ്‍സുമായി ഒന്നാം സ്ഥാനത്തുള്ളത്. 163 ടെസ്റ്റില്‍ 36 സെഞ്ച്വറിയും 63 ഫിഫ്റ്റിയുമടക്കം 52.63 ശരാശരിയില്‍ 13625 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡാണ് രണ്ടാം സ്ഥാനത്ത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ 125 ടെസ്റ്റില്‍ 10122 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. 51.12 ശരാശരിയില്‍ 34 സെഞ്ച്വറിയും 45 അര്‍ധശതകങ്ങളുമടക്കമാണിത്.134 മത്സരങ്ങളില്‍ 8781 റണ്‍സുള്ള വി.വി.എസ്. ലക്ഷ്മണ്‍ ആണ് നാലാമത്. 45.97 ശരാശരിയിലാണ് ലക്ഷ്മണിന്റെ റണ്‍വേട്ട. ലക്ഷ്മണിനെ മറികടന്ന് നാലാം സ്ഥാനത്തെത്താന്‍ കോഹ്ലിക്ക് ഇനി 267 റണ്‍സ് കൂടി മതി.