ചായ കുടിക്കാനുള്ള ഇടവേളയില്‍ ഇന്ത്യയ്ക്കായി തന്ത്രം മെനഞ്ഞ് കൊഹ്‌ലി; പക്ഷേ പ്ലാന്‍ ഏറ്റില്ല

പെര്‍ത്ത്: പെര്‍ത്ത് ഗ്രൗണ്ടില്‍ ഇന്ത്യ വളരെയധികം പിന്നിലാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. രണ്ടാം ഇന്നിംഗ്‌സില്‍ 287 റണ്‍സ് എന്ന വമ്പന്‍ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നില്‍വെച്ചത്. പക്ഷേ അത്രയും വിജയലക്ഷ്യം മുന്നില്‍ നില്‍ക്കുമ്പോളും രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ലോകേഷ് രാഹുലിനെയും ചേതേശ്വര്‍ പൂജാരയെയും നഷ്ടമായി. ഇതോടെ ഇന്ത്യയെ കരകയറ്റാനുള്ള ചുമതല നായകന്‍ വിരാട് കൊഹ്‌ലിയുടെ തലയിലായി.

അതോടെ കളിയില്‍ ഇന്ത്യയെ എങ്ങനെയെങ്കിലും ജയിപ്പിച്ചേ മതിയാകൂ എന്ന ലക്ഷ്യത്തിലേക്ക് കൊഹ്‌ലി എത്തി. രണ്ടാം വിക്കറ്റ് വീണതിന് പിന്നാലെ ഇരു ടീമുകളും ചായയ്ക്ക് പിരിഞ്ഞപ്പോളും കൊഹ്‌ലിയുടെ മനസ് അക്കാര്യത്തിലായിരുന്നു. അതോടെ ചായ കഴിഞ്ഞ് എല്ലാവരും ഡ്രസിംഗ് റൂമിലേക്ക് പോയപ്പോള്‍ നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനത്തിലായിരുന്നു കൊഹ്‌ലി. ഇരുപത് മിനുറ്റ് നേരമായിരുന്നു കൊഹ്‌ലിയുടെ പരിശീലനം. എന്നാല്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയ കൊഹ്‌ലിക്ക് അധികം തിളങ്ങാനായില്ല. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കളിയില്‍ ഇരുപതാം ഓവറില്‍ ലിയോണിന്റെ ആദ്യ പന്തില്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കി കൊഹ്‌ലിക്ക് മടങ്ങേണ്ടി വന്നു. നാല്‍പത് പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 17 റണ്‍സാണ് കോലിയുടെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോലി ആദ്യ ഇന്നിംഗ്‌സില്‍ 257 പന്തില്‍ 123 റണ്‍സെടുത്തിരുന്നു. കൊഹ്‌ലിയുടെ 25-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്.

Top