പെര്‍ത്ത്: അഡ്‌ലെയ്ഡില്‍ നേടിയ മിക്കച്ച വിജയം പെര്‍ത്തിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. പക്ഷേ പെര്‍ത്തില്‍ ഇന്ത്യന്‍ താരങ്ങളെ വീഴ്ത്താന്‍ കാത്തിരിക്കുന്ന പച്ചപ്പ് നിറഞ്ഞ മൈതാനമാണ് ഇന്ത്യന്‍ ആരാധകരെ ഭയപ്പെടുത്തുന്നത്. എന്നാല്‍ ആ ആശങ്കകളെയെല്ലാം കാറ്റില്‍ പറത്തി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പെര്‍ത്ത് ടെസ്റ്റിന് മുന്നോടിയായി പിച്ച് പരിശോധിച്ച വിരാട് പിച്ചിലെ പച്ചപ്പ് തങ്ങളെ ഭയപ്പെടുത്തില്ലെന്ന് വ്യക്തമാക്കി. അഡ്‌ലെയ്ഡിലേതിനേക്കാള്‍ കൂടുതല്‍ പുല്ലുള്ള പിച്ച് വേണമെന്നാണ് തങ്ങളും ആഗ്രഹിച്ചതെന്നും വിരാട് പറഞ്ഞു.
ഇത്തരം പിച്ച് ഇന്ത്യയ്ക്ക് പുതുമയല്ലെന്നും ഭയത്തേക്കാള്‍ കൂടുതല്‍ ആശങ്കയാണുണ്ടാകുന്നതെന്നും വിരാട് പറഞ്ഞു. എന്നാല്‍ എതിരാളികളെ സമ്മര്‍ദ്ദിലാക്കാന്‍ സാധിക്കുന്നൊരു ബൗളിങ് നിരയാണ് ഇന്ത്യയക്കുള്ളതെന്നും അതുകൊണ്ട് ഭയമില്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. കൂടാതെ ഇത്തരം പിച്ചുകളില്‍ ആരാണ് ഫേവറേറ്റ് എന്നു പറയാനാകില്ലെന്നും നന്നായി കളിക്കുന്നവര്‍ ജയിക്കുമെന്നും വിരാട് അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലെ പിച്ച് പെര്‍ത്തിലേതു പോലെ തന്നെ പച്ചപ്പുള്ള പിച്ചായിരുന്നു, എന്നിട്ടും അവിടെ ജയിച്ചെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ കളിച്ച ഏറ്റവും അപകടം പിച്ചായിരുന്നു അതെന്നും വിരാട് ഓര്‍മ്മിച്ചു.
ജോഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങിയപ്പോഴത്തെ അതേ മാനസികാവസ്ഥയിലാണ് പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും ഇറങ്ങുന്നത്. ജൊഹാനസ്ബര്‍ഗില്‍ ബാറ്റിംഗ് തീര്‍ത്തും ദുഷ്‌കരമായിരുന്നു. പെര്‍ത്തില്‍ ബാറ്റിംഗ് നിര കൂടി ഫോമിലായാല്‍ അത് നമ്മുടെ ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. മത്സരത്തിന് മുമ്പ് പിച്ചിലെ പുല്ല് നീക്കം ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊഹ്‌ലി പറഞ്ഞു.