കൊച്ചി: വിമര്‍ശനങ്ങള്‍ ഒന്നൊന്നായി വേട്ടയാടുന്ന മഹേന്ദ്ര സിങ് ധോണിയെ ശക്തമായി പിന്തുണച്ച് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി.
ധോണിയുടെ ഫോമിനെക്കുറിച്ച് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം നീതികേടാണെന്ന് വിരാട് കോഹ്‌ലി ചൂണ്ടിക്കാണിക്കുന്നു.
ധോണിയുടെ മികച്ച ഫിറ്റ്‌നെസും അദ്ദേഹം ടീമിനു നല്‍കുന്ന സംഭാവനകളും ചെറുതല്ലെന്നും, എന്തുകൊണ്ട് ധോണിയെ മാത്രം ആളുകള്‍ ഇങ്ങനെ വിമര്‍ശിക്കുന്നെന്ന് മനസിലാകുന്നില്ലെന്നും, താന്‍ മൂന്ന് മല്‍സരങ്ങളില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടാല്‍ ആരും വിമര്‍ശിക്കാന്‍ വരാറില്ല, എന്തുകൊണ്ടെന്നാല്‍ 35 വയസ് പിന്നിട്ടിട്ടില്ല, ധോണി ഇപ്പോഴും ഫിറ്റാണ്, എല്ലാ ഫിറ്റ്‌നെസ് കടമ്പകളും കടന്നാണ് ടീമിലിടം പിടിച്ചിരിക്കുന്നതെന്നും, ഫീല്‍ഡില്‍ ടീമിന്റെ തന്ത്രങ്ങള്‍ മെനയുന്നതിലും ധോണി വലിയ പങ്കാണ് വഹിക്കുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി.
രാജ്‌കോട്ടില്‍ നടന്ന മല്‍സരത്തില്‍ 37 പന്തില്‍ 49 റണ്‍സെടുത്ത ധോണിയുടെ മോശം പ്രകടനമാണ് മുന്‍ താരങ്ങളുടെയും ആരാധകരുടെയും വിമര്‍ശനത്തിനിടയാക്കിയത്.
എന്നാല്‍, ആ മല്‍സരത്തില്‍ ധോണി എത്രാമനായാണ് ഇറങ്ങിയതെന്ന് ഓര്‍ക്കണമെന്നും, മുന്‍പേ ഇറങ്ങിയ ഹാര്‍ദിക്ക് പാണ്ഡ്യയും കാര്യമായി സ്‌കോര്‍ ചെയ്യാതെയാണ് മടങ്ങിയതെന്നും, എല്ലാവരും വിമര്‍ശിക്കുന്നത് ധോണിയെ മാത്രമാണെന്നും, ഇങ്ങനെ ഒരാളെ മാത്രം ഉന്നമിടുന്നത് അദ്ദേഹത്തോട് കാണിക്കുന്ന നീതികേടാണെന്നും, ധോണിക്ക് തന്റെ കളിയെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചും നല്ല ബോധ്യമുണ്ടെന്നും കോഹ്‌ലി പറഞ്ഞു.
ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ വിജയം നേടിയ ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു കോഹ്‌ലി.
അതേസമയം, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിക്കണമെന്ന ആവശ്യമുയര്‍ത്തിയ മുന്‍ താരങ്ങളായ വി.വി.എസ് ലക്ഷ്മണ്‍, അജിത് അഗാര്‍ക്കര്‍ എന്നിവരെ തിരുത്തി സുനില്‍ ഗാവസ്‌കര്‍ തന്നെ രംഗത്തെത്തിയിരുന്നു.