കോലിക്ക് 71-ാം ഏകദിന അര്‍ധസെഞ്ചുറി; റെക്കോഡിടാതെ കോലി മടങ്ങി; 53 പന്തില്‍ നിന്ന് 51 റണ്‍സ്

ബെംഗളൂരു: 2023 ക്രിക്കറ്റ് ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരേ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരാണ് പുറത്തായത്. 53 പന്തില്‍ നിന്ന് 51 റണ്‍സെടുത്താണ് കോലിയുടെ മടക്കം. കോലിയുടെ എഴുപത്തിയൊന്നാമത്തെ അര്‍ധശതകമാണിത് 28.1 ഓവറില്‍ ടീം സ്‌കോര്‍ 200 എത്തിയപ്പോഴാണ് കോലിയുടെ ഞെട്ടിക്കുന്ന മടക്കം. വാന്‍ ഡെര്‍ മെര്‍വാണ് കോലിയെ വീഴ്ത്തിയത്. ബൗള്‍ഡാക്കുകയായിരുന്നു. കോലി മടങ്ങുമ്പോള്‍ 31 റണ്‍സെടുത്തു നിന്ന ശ്രേയസ് അയ്യര്‍ പിന്നീട് 48 പന്തില്‍ നിന്ന് അര്‍ധശതകം തികച്ചു.

56 പന്തില്‍ അഞ്ചുഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത കോലിയെ വാന്‍ ഡെര്‍ മെര്‍വ് ക്ലീന്‍ ബൗള്‍ഡാക്കി. കോലി മടങ്ങുമ്പോള്‍ ഇന്ത്യ 200- ന് മൂന്ന് വിക്കറ്റ് എന്ന നിലയായിരുന്നു. കോലിയ്ക്ക് പകരം കെ.എല്‍.രാഹുല്‍ ക്രീസിലെത്തി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. നെതര്‍ലന്‍ഡ്സ് ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും 12-ാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ 100-ല്‍ എത്തിച്ചു. ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ ടീം സ്‌കോര്‍ 100-ല്‍ നില്‍ക്കെ ഗില്‍ പുറത്തായി.

32 പന്തില്‍ മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത ഗില്ലിനെ പോള്‍ വാന്‍ മീകെറെന്‍ പുറത്താക്കി. ഗില്ലിന് പകരം സൂപ്പര്‍താരം വിരാട് കോലിയാണ് ക്രീസിലെത്തിയത്. കോലിയെ സാക്ഷിയാക്കി രോഹിത് ശര്‍മയും അര്‍ധസെഞ്ചുറി നേടി. എന്നാല്‍ റണ്‍റേറ്റ ഉയര്‍ത്തുന്നതിനിടെ രോഹിത്തും വീണു. 54 പന്തില്‍ എട്ട് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 61 റണ്‍സെടുത്ത രോഹിത്തിനെ ബാസ് ഡി ലീഡ് പുറത്താക്കി. ഇതോടെ ഇന്ത്യ 129 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. രോഹിത്തിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി.

ശ്രേയസ്സും കോലിയും ചേര്‍ന്ന് ടീമിനെ നയിച്ചു. കോലിയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. വൈകാതെ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ശ്രേയസ്സിനെ സാക്ഷിയാക്കി കോലി അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ 71-ാം ഏകദിന അര്‍ധസെഞ്ചുറിയാണിത്. ലോകകപ്പില്‍ കോലി നേടുന്ന അഞ്ചാം അര്‍ധസെഞ്ചുറിയാണിത്. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് തൊട്ടുപിന്നാലെ കോലി പുറത്തായത് ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കി. 50-ാം ഏകദിന സെഞ്ചുറിയ്ക്കായി കോലി ഇനിയും കാത്തിരിക്കണം.

Top