കോഴിക്കോട്: കൊയിലാണ്ടി കൊലപാതകം ബിജെപി നേതാക്കളുടെ തലയില്‍ കെട്ടിവെച്ച് സിപിഐഎം കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ബിജെപി നേതാവ് എംടി രമേശ്. സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ് എടുക്കണം, സിപിഐഎം പ്രവര്‍ത്തകര്‍ പ്രകോപനപരമായ രീതിയില്‍ പെരുമാറി. കലാപം ഉണ്ടാക്കാന്‍ വലിയ ഗൂഢാലോചനയും ആസൂതിത ശ്രമങ്ങളും നടന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ബിജെപി യുടെ തലയില്‍ കെട്ടിവെക്കാന്‍ മുമ്പും ശ്രമം നടന്നിട്ടുണ്ടെന്നും എം ടി രമേശ് പറഞ്ഞു.
പാര്‍ട്ടിക്കകത്തെ പടല പിണക്കവും കുടിപ്പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തേ സിപിഐഎം ഓഫീസ് ആക്രമണ ശ്രമം നടന്നുവെന്ന് പ്രചരിപ്പിച്ചു. കൊയിലാണ്ടിയിലെ കൊലപാതകം ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ്. സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറി നില്‍ക്കുമ്പോഴും പല സംരഭങ്ങളില്‍ പ്രതി പങ്കെടുത്തു. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം നേതാക്കളാണ്. സിപിഐഎം നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും എം ടി രമേഷ് പറഞ്ഞു.
അതേസമയം, സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി വി സത്യനാഥന്‍ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി അഭിലാഷിന്റെ അറസ്റ്റ് വൈകിട്ടോടെയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് തെളിവെടുപ്പുണ്ടാകില്ല. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണോ കൊലപാതകം നടത്തിയത് എന്ന് വ്യക്തതയായിട്ടില്ല.
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. നാലിലേറെ വെട്ടേറ്റിരുന്നു. കഴുത്തിലും മുതുകിലും ആഴത്തില്‍ മുറിവേറ്റിരുന്നു. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആസൂത്രിതമായ കൃത്യമാണ് നടന്നതെന്ന് പൊലീസ് പറയുന്നു.