പ്ലസ് ടു പരീക്ഷയില്‍ റാങ്ക് നേടിയ പെണ്‍കുട്ടി ഡിസിപി; മകളുടെ കീഴുദ്യോഗസ്ഥനായി അച്ഛന്‍

കൊല്‍ക്കത്ത: പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയെ പെണ്‍കുട്ടിക്ക് അപൂര്‍വ സമ്മാനവുമായി കൊല്‍ക്കത്ത പോലീസ് . ഐഎസ്സി പ്ലസ് ടു പരീക്ഷയില്‍ 99.25 % മാര്‍ക്ക് നേടിയ റിച്ചയ്ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പദവി നല്‍കിയാണ് കൊല്‍ക്കത്ത പോലീസ് അനുമോദിച്ചത്. സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയാണ് റിച്ച സിങ് എന്ന മിടുക്കി പെണ്‍കുട്ടിയ്ക്ക് ലഭിച്ചത്.

സബ് ഇന്‍സ്പെക്ടര്‍ രാജേഷ് സിങ്ങിന്റെ മകളാണ് റിച്ച. ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു റിച്ചയ്ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പദവി ലഭിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി അച്ഛനോടൊപ്പം രണ്ട് പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് റിച്ച പരിശോധന നടത്തുകയും ചെയ്തു.

കമ്മീഷണര്‍ ഡോ. രാജേഷ് കുമാറാണ് റിച്ചയ്ക്ക് ഇത്തരത്തില്‍ ഒരു സമ്മാനം നല്‍കാന്‍ മുന്‍കൈയെടുത്തത്. കൃത്യനിര്‍വഹണത്തിനിടെ ഇന്‍സ്പെക്ടറായ അച്ഛനോട് എന്തെങ്കിലും ആജ്ഞാപിക്കാനുണ്ടോ എന്ന കമ്മീഷണരുടെ ചോദ്യത്തിന് നേരം വൈകി അച്ഛന്‍ വീട്ടിലെത്തുന്നത് നിര്‍ത്തണമെന്ന് നിര്‍ദേശിക്കാനുണ്ടെന്ന് റിച്ച സരസമായി മറുപടി നല്‍കി.

ജിഡി ബിര്‍ള സെന്റര്‍ ഫോര്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ഥിനിയായ റിച്ചയ്ക്ക് ഹിസ്റ്ററിയോ സോഷ്യോളജിയോ ഐച്ഛികവിഷയമായെടുത്ത് ബിരുദപഠനം നടത്താനാണ് താല്‍പര്യം.

Top