കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് ഇനി മുതല്‍ ‘ശ്യാമ പ്രസാദ് മുഖര്‍ജി’; പുനര്‍നാമകരണം ചെയ്ത് മോദി

കൊല്‍ക്കത്ത: ചരിത്രപ്രാധാന്യമുള്ള കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് പുനര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പോര്‍ട്ട് ട്രസ്റ്റിന്റെ 150-ാം വാര്‍ഷിക ആഘോഷത്തിനിടെയാണ് മോദി ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരില്‍ തുറമുഖം പുനര്‍നാമകരണം പ്രഖ്യാപിച്ചത്.

“ഈ തുറമുഖം ഇനി മുതല്‍ ശ്യാമ പ്രസാദ് മുഖര്‍ജി എന്ന പേരില്‍ അറിയപ്പെടും”. – മോദി പറഞ്ഞു. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയും ബാബാസാഹേബ് അംബേദ്കറും അന്നത്തെ സര്‍ക്കാരില്‍ നിന്ന് രാജിവച്ചതിനുശേഷം അവരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായില്ല എന്നത് രാജ്യത്തിന് നിര്‍ഭാഗ്യകരമാണെന്നും അതിനാല്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ പേര് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി പോര്‍ട്ട് എന്ന് പുനര്‍നാമകരണം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

ജീവനുള്ള ഇതിഹാസമായ ശ്യാമ പ്രസാദ് ഒരു രാഷ്ട്രം, ഒരു ഭരണഘടന എന്ന ആശയത്തിനായി പോരാടുകയും വികസനത്തിന് വേണ്ടി മുന്നില്‍ നിന്ന നേതാവുമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ തീരങ്ങള്‍ വികസനത്തിന്റെ കവാടങ്ങളാണ്. പരസ്പര സമ്പര്‍ക്കം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സാഗര്‍മല പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

1951 ലാണ് ശ്യാമ പ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘം സ്ഥാപിച്ചത്. പിന്നീട് അത് ഇന്നത്തെ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) ആയി മാറുകയായിരുന്നു.

Top