കൊല്‍ക്കത്ത: അടുത്ത ഐപിഎല്‍ സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ നായകനെ നിര്‍ദേശിച്ച് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍.
താരലേലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ദിനേശ് കാര്‍ത്തിക്കിന് പകരം യുവതാരം ശുഭ്മാന്‍ ഗില്ലിനെ കൊല്‍ക്കത്തയുടെ നായകനാക്കാമെന്ന് ഗംഭീര്‍ നിര്‍ദേശിച്ചത്.
കഴിഞ്ഞ രണ്ട് സീസണിലും ദിനേശ് കാര്‍ത്തിക്ക് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും ടീമിന്റെ ഭാവി കൂടി കണക്കിലെടുത്ത് ഗില്ലിനെ നായകനാക്കണമെന്നും അതിലൂടെ പുതിയ ആശയങ്ങള്‍ ഗ്രൗണ്ടില്‍ കാണാനാകുമെന്നും ഗംഭീര്‍ പറഞ്ഞു.
വൈസ് ക്യാപ്റ്റനായിരുന്ന റോബിന്‍ ഉത്തപ്പ കൊല്‍ക്കത്ത നായകനാകുമെന്നായിരുന്നു പ്രതീക്ഷ.എന്നാല്‍ അപ്രതീക്ഷിതമായി കാര്‍ത്തിക്കിനെ നായകനായി ടീം മാനേജ്‌മെന്റ് തെരഞ്ഞെടുക്കുകയായിരുന്നു.