കൊല്‍ക്കത്തയില്‍ നിരത്തൊഴിയാനൊരുങ്ങി മഞ്ഞ ടാക്‌സികള്‍

കൊല്‍ക്കത്ത: ഒരു കാലത്ത് കൊല്‍ക്കത്ത നഗരത്തിന്റെ മുഖമുദ്രയായിരുന്ന മഞ്ഞ ടാക്‌സികള്‍ നിരത്തൊഴിയാനൊരുങ്ങുന്നു. ആധുനിക സൗകര്യങ്ങളുള്ള പുതിയ വാഹനങ്ങളും ഓണ്‍ലൈന്‍ ടാക്‌സികളുമാണ് മഞ്ഞ ടാക്‌സികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്.

എണ്‍പത് കാലഘട്ടങ്ങളില്‍ കൊല്‍ക്കത്തയുടെ നിരത്തുകളിലൂടെ നിറഞ്ഞോടിയിരുന്ന മഞ്ഞനിറത്തിലുള്ള അംബാസിഡര്‍ കാറുകള്‍ ഇന്ന് ഇരുപതിനായിരത്തില്‍ താഴെ മാത്രമായിരിക്കുന്നു. അംബാസിഡര്‍ കാറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് കമ്പനി പൂട്ടിയതാണ് മഞ്ഞടാക്‌സികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരാന്‍ കാരണമായത്. എങ്കിലും ഇന്നും ഈ ടാക്‌സി ഓടിച്ച് ജീവിക്കുന്ന ആയിരങ്ങള്‍ കൊല്‍ക്കത്ത നഗരത്തിലുണ്ട്.

ബംഗാളികള്‍ക്ക് മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയിലെത്തിയവര്‍ക്കും മഞ്ഞടാക്‌സി ഉപജീവനമാര്‍ഗമായിരുന്നു.

ഓണ്‍ലൈന്‍ ടാക്‌സികളുടെ വരവിനൊപ്പം പ്രതാപകാലത്ത് യാത്രക്കാരോട് പരുഷമായി പെരുമാറിയിരുന്നതും മഞ്ഞ ടാക്‌സികളെ ജനങ്ങളില്‍ നിന്നകറ്റി. എന്നാല്‍ നോ റെഫ്യൂസല്‍ സംവിധാനം നടപ്പാക്കിയതോടെ വീണ്ടും ചെറിയതോതില്‍ ടാക്‌സി ജനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. എങ്കിലും വലിയ കാലതാമസം കൂടാതെ മഞ്ഞടാക്‌സികള്‍ കൊല്‍ക്കത്തയില്‍ നിന്ന് വിടപറയും.

Top