മുംബൈയിലേക്ക് ഏതാനും കളിക്കാരെ പരിശീലനത്തിന് അയച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടീമിലെ കളിക്കാരോട് വ്യാഴാഴ്ച നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുന്‍പ് മുംബൈയിലെ തങ്ങളുടെ അക്കാദമിയില്‍ പോയി പരിശീലനം നടത്തി വരാനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിര്‍ദേശിച്ചത്.
സീസണില്‍ അഞ്ച് മത്സരങ്ങള്‍ തുടരെ തോറ്റതിന് പിന്നാലെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ ഒരുവിഭാഗം കളിക്കാരോട് ഇത്തരത്തില്‍ പെരുമാറുന്നത്. ദിനേശ് കാര്‍ത്തിക് ഉള്‍പ്പെടെയുള്ള കളിക്കാരാണ് കൂടുതല്‍ മികച്ച പരിശീലനത്തിനായി മുംബൈയിലേക്ക് പറന്നത്.
ഐപിഎല്ലിന്റെ തിരക്കേറിയ ഷെഡ്യൂള്‍ പരിഗണിക്കുമ്പോള്‍ ഇടവേളകളില്‍ യാത്ര ഒഴിവാക്കുവാനാണ് കളിക്കാര്‍ ശ്രമിക്കുക. എന്നാല്‍ ഇത് ഓരോ ഫ്രാഞ്ചൈസികളുടേയും താത്പര്യത്തിനനുസരിച്ചിരിക്കും. എന്നാല്‍ ഈഡന്‍ ഗാര്‍ഡനിലെ വിക്കറ്റ് ഉള്‍പ്പെടെ മികച്ചതാണ് എന്നിരിക്കെ മികച്ച സൗകര്യങ്ങളുള്ളപ്പോള്‍ മുംബൈയില്‍ ട്രെയ്നിങ്ങിനായി പോകുന്നതിന്റെ പിന്നിലെ കാരണം എന്തെന്ന് വ്യക്തമാകുന്നില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.