കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പാമ്പിന്റെ വിഷപ്പല്ല് ഉള്‍പ്പെടെയുള്ളവ ലഭിച്ചു. ഇന്ന് രാവിലെയാണ് പാമ്പിന്റെ ജഡം പുറത്തെടുത്തത്.
പാമ്പിന്റെ മാംസം ജിര്‍ണിച്ച അവസ്ഥയിലായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.പാമ്പിന്റെ ഡി.എന്‍.എയും പരിശോധിക്കും.
ലഭിച്ച വസ്തുക്കള്‍ ശക്തമായ തെളിവാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഉത്രയെ കടിച്ച കരിമൂര്‍ഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിനെയാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് . ചിത്രങ്ങളില്‍ കണ്ട പാമ്പാണോ ഇത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങളും പരിശോധിച്ചു.
ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്. പാമ്പിന്റെ നീളം , പല്ലുകളുടെ അകലം എന്നിവയും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി പരിശോധിച്ചു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്.
സംസ്ഥാനത്ത് ആദ്യമായാണ് കൊലപാതകം തെളിയിക്കാന്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഉത്രയുടെ വീടിനോട് ചേര്‍ന്നൊരുക്കിയ താല്‍കാലിക സംവിധാനത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഫോറന്‍സിക്, മൃഗസംരക്ഷണം, വനം, പൊലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യേഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തു. നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുകള്‍ക്കോ കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാളുടെ സഹോദരി ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യും.