കൊല്ലം: കുരുതിക്കളമായി മാറിയ കൊല്ലം ബൈപ്പാസിലെ അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതുവരെ റോഡില്‍ വാഹനപരിശോധന കര്‍ശനമാക്കും. അപകടത്തിന് കാരണമായേക്കാവുന്ന കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും നടപടി തുടങ്ങി.
ബൈപ്പാസിലെ അപകടങ്ങളൊഴിവാക്കാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്.
അപകടമേഖലകളില്‍ താല്‍കാലിക ഹംബുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. ഒരാഴ്ച്ചയ്ക്കകം മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. സിഗ്‌നല്‍ ലൈറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അമിത വേഗം കണ്ടെത്താന്‍ പട്രോളിങ് ശക്തമാക്കാനും ബൈപ്പാസില്‍ ഇന്റര്‍ സെപ്റ്റര്‍ വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.