കൊല്ലം ബൈപ്പാസിലെ അപകടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ഗതാഗത മന്ത്രി

ന്യൂഡല്‍ഹി: കൊല്ലം ബൈപ്പാസില്‍ നിരന്തരം ഉണ്ടാകുന്ന അപകടങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശം നല്‍കി. ബൈപ്പാസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റി അംഗം ആര്‍.കെ പാണ്ഡെയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

47 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കൊല്ലത്തിന്റെ ബൈപ്പാസ് അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നടത്തിയത്. എന്നാല്‍ അഞ്ച് മാസത്തിനിടെ 59 അപകടങ്ങളിലായി 10 ജീവനുകളാണ് കൊല്ലം ബൈപ്പാസില്‍ പൊലിഞ്ഞത്. 53 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയുമുണ്ടായി.

അതേസമയം കുരുതിക്കളമായി മാറിയ കൊല്ലം ബൈപ്പാസിലെ അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ തുടങ്ങിയിരുന്നു. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതുവരെ റോഡില്‍ വാഹനപരിശോധന കര്‍ശനമാക്കും. അപകടത്തിന് കാരണമായേക്കാവുന്ന കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും നടപടി തുടങ്ങുകയുണ്ടായി.

ബൈപ്പാസിലെ അപകടങ്ങളൊഴിവാക്കാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്.

Top