ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് മോദി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു : ജി.സുധാകരന്‍

തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പ്രധാനമന്ത്രി ഇങ്ങോട്ട് ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ അത് സന്തോഷത്തോടെ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

വികസന കാര്യങ്ങളില്‍ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ബൈപ്പാസ് ഉദ്ഘാടനത്തെക്കുറിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി നടത്തിയ പരാമര്‍ശങ്ങളെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പ്രേമചന്ദ്രന്‍, വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രനാണ് അറിയിച്ചത്. അടുത്ത മാസം 15നാവും ഉദ്ഘാടനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍.കെ.പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു.

അതേസമയം അടുത്ത മാസമേ ബൈപ്പാസിന്റെ ഉദ്ഘാടനം നടക്കൂ എന്നാണ് മന്ത്രി മേഴ്‌സി കുട്ടിയമ്മ അറിയിച്ചത്. ബൈപ്പാസില്‍ പോസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

Top