കൂവിയ സംഭവത്തെ ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാനാവില്ലെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കൊല്ലത്ത് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കൂവിയ സംഭവത്തെ ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. എത്രമാത്രം എതിര്‍പ്പുണ്ടെങ്കിലും കൂവിയത് ന്യായീകരിക്കില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

കുമ്മനം ട്രെയിനില്‍ കയറിയപ്പോള്‍ വാര്‍ത്തയായത് പോലെ വാര്‍ത്തയാകാതിരിക്കാനാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലാണ് സംസാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരോട് അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വെറുതെ ശബ്ദമുണ്ടാക്കരുതെന്നും ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ വേദിയില്‍ നിന്നും കൂകി വിളിയും ശബ്ദവും ഉണ്ടായപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ‘ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് നല്ലത് കേട്ടോ. എന്തും കാണിക്കാമെന്ന വേദിയാണെന്ന് ആരും കരുതരുത്’ പിണറായി പറഞ്ഞു. പ്രധാനമന്ത്രി മോദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.

Top