കൊല്ലം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് പൊലീസ് തിരുത്തിയത് എന്തിനാണെന്ന് കൊല്ലം കലക്ടര്‍ ഷൈനമോള്‍. പൊലീസിന്റെ നിരുത്തരവാദപരമായ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്നും കലക്ടര്‍ പറഞ്ഞു.
വെടിക്കെട്ട് നടത്തരുതെന്ന് എഡിഎം നിര്‍ദ്ദേശിച്ചതാണ്.എന്ത് സാഹചര്യത്തിലാണ് പൊലീസ് ആ റിപ്പോര്‍ട്ട് തിരുത്തിയത്. ഒരു ദിവസംതന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ പൊലീസ് എങ്ങിനെയാണ് നല്‍കിയത്. ഇത് പൊലീസിന്റെ വീഴ്ചതന്നെയാണ്. കലക്ടറുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ഷൈനമോള്‍ ആരോപിച്ചു.
ജില്ലാ കലക്ടര്‍ക്ക് പൊലീസിന്റെ പണി ചെയ്യാന്‍ പറ്റില്ല. മല്‍സരകമ്പമാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്നും അതിനുള്ള സ്ഥലപരിധി ഇല്ലെന്നു പൊലീസ് തന്നെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇവര്‍തന്നെയാണ് വെടിക്കെട്ട് നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് പിറ്റേന്ന് റിപ്പോര്‍ട്ട് നല്‍കിയത്. എട്ടിന് വെടിക്കെട്ടിന് ജില്ലഭരണകൂടം അനുമതി നിഷേധിച്ചതാണ്. പൊലീസിന്റെയും തഹസില്‍ദാഹിന്റെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. പിന്നെ എങ്ങിനെയാണ് ഉല്‍സവ കമ്മിറ്റി മല്‍സര കമ്പക്കെട്ട് നടത്തിയതെന്നും കലക്ടര്‍ ചോദിച്ചു.