Police arrested two weeks ago in Kollam , native to Assam’s confirmed Bodo terrorist

കൊല്ലം: രണ്ടാഴ്ച മുമ്പ് കൊല്ലം പൊലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശികളായ സഹോദരങ്ങളിലൊരാള്‍ ബോഡോ തീവ്രവാദിയാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ അസമില്‍ നിന്നത്തെിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

അസമിലെ ക്രൊകജാര്‍ ജില്ലക്കാരനായ കനീന്ദ്ര നര്‍സാരി (23)യെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ നേരത്തേ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാളുടെ സഹോദാരന്‍ ഖലീല്‍ നര്‍സാരിയേയും അസം പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം ആശ്രാമത്തെ ടൈല്‍സ് നിര്‍മാണ ഫാക്ടറിയില്‍ നിന്ന് പൊലീസിന്റെ സഹായത്തോടെ മിലിട്ടറി ഇന്റലിജന്‍സ് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത കനീന്ദ്ര നര്‍സാരിയേയും സഹോദരന്‍ ഖലീല്‍ നര്‍സാരിയേയും പീന്നീട് വിട്ടയച്ചെങ്കിലും നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ രാവിലെയാണ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലത്തെിച്ചത്. തുടര്‍ന്ന് അസമില്‍ നിന്നത്തെിയ എഎസ്‌ഐ അങ്കരാജ് ചേത്രിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന് കൈമാറുകയായിരുന്നു.

അസമിലെ ബോഡോ ഏറ്റുമുട്ടലില്‍ കനീന്ദ്ര നര്‍സാരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍, വാറണ്ട് തുടങ്ങിയ രേഖയകളുമായത്തെിയ പൊലീസ് സംഘം വിവരങ്ങള്‍ കേരള പൊലീസിന് കൈമാറി.

നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ബോഡോലാന്‍ഡ് സോങ്ബിജിത്തിലെ (എന്‍.ഡി.എഫ്.ബി.എസ്) സജീവ പ്രവര്‍ത്തകനായ കനീന്ദ്ര നര്‍സാരി അസമില്‍ പൊലീസിനും സൈന്യത്തിനും നേരെ നടന്ന പല അമ്രകണങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് മിലിട്ടറി ഇന്റലിജന്‍സ് നല്‍കുന്ന വിവരം.

2014ല്‍ അസമിലെ കൊക്രജാറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാളുടെ കൈയില്‍ വെടിയേറ്റിരുന്നു. ഈ ഏറ്റുമുട്ടലില്‍ ബോഡോ തീവ്രവാദിസംഘത്തിന്റെ കമാണ്ടര്‍ ടൈജു കൊല്ലപ്പെട്ടു. പരുക്കേറ്റ കനീന്ദ്ര നര്‍സാരിയെ ബോഡോലാന്‍ഡ് അനുഭാവികളാണ് ചികിത്സിച്ചത്.

തുടര്‍ന്ന് പശ്ചിമ ബംഗാളിലേക്ക് കടന്ന നര്‍സാരി അവിടെ നിന്നും കേരളത്തിലത്തെുകയായിരുന്നു. കൊല്ലത്ത് നിര്‍മാണ മേഖലയില്‍ പണിയെടുത്ത് വരവെയാണ് സഹോദരന്‍ ഖലീല്‍ നര്‍സാരിയേയും ഇവിടേക്ക് വിളിച്ചുവരുത്തുന്നത്.

ഖലീലും സംഘടനയുമായി ബന്ധമുള്ളയാളാണെന്നാണ് പൊലീസിന് ലഭിച്ചവിവരം. ഇയാള്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2014ലെ ഏറ്റുമുട്ടലിനു ശേഷം കനീന്ദ്ര മിലിട്ടറി ഇന്റലിജന്‍സിന്റെ തുടര്‍ച്ചയായ നീരിക്ഷണത്തിലായിരുന്നു.

മൊബൈല്‍ ഫോണ്‍ കോളുകളടക്കം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കൊല്ലത്തെ താമസസ്ഥലം കണ്ടത്തെിയതും അറസ്റ്റ് ചെയ്തതും.

Top