കൊച്ചി: ഔദ്യോഗിക കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി ധരിക്കേണ്ട പോലീസ് യൂണിഫോമിനെ അപമാനിച്ച് കൊല്ലം റൂറല്‍ എസ്.പി.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച പ്രതിവാര സംഗീത പരിപാടി ആര്‍ട്‌സ് ആന്‍ഡ് മെഡിസിനിലാണ് കൊല്ലം റൂറല്‍ എസ്.പി എസ്.ശശികുമാര്‍ പോലീസ് യൂണിഫോമില്‍ ഗായകനായി എത്തിയത്.
കാക്കി യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ട ശശികുമാറിന്റെ പാട്ട് ഇഷ്ടപ്പെടാത്തവര്‍പോലും യൂണിഫോമിനെ അപമാനിക്കേണ്ടെന്ന് കരുതി കയ്യടിച്ചാണ് ഗാനം ആസ്വദിച്ചത്.
”കൃഷ്ണാ നീ ബേഗനേ …. ” കീര്‍ത്തനവുമായി ആലാപനം ആരംഭിച്ച എസ്പി എണ്‍പതുകളിലെ മലയാള സിനിമാ ഗാനങ്ങളിലും ‘കൈവച്ചു’. എസ്.പി ആയതുകൊണ്ട് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചാലും ചീമുട്ട ഏറ് ഉണ്ടാകില്ലെന്ന ഉറപ്പിലായിരുന്നുവത്രെ ഈ ‘ഗന്ധര്‍വ്വ ഗാനാലാപനം”
ആര് ക്ഷണിച്ചിട്ടായാലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഔദ്യോഗിക വേഷത്തില്‍ അധികാര പരിധിക്ക് പുറത്തുള്ള സ്ഥലത്ത് പാട്ടുപാടാനെത്തിയത് പോലീസ് സേനക്ക് തന്നെ അപമാനമാണെന്ന അഭിപ്രായമാണ് സേനയ്ക്കകത്ത് ഇപ്പോള്‍ ഉള്ളത്.
മുമ്പ് മലപ്പുറം എസ്പിയായിരുന്ന കാലയളവില്‍ ശശികുമാറിന്റെ പ്രധാനജോലി പൊതുപരിപാടികളില്‍ പാട്ടുപാടലായിരുന്നുവെന്ന് മലപ്പുറത്തെ പോലീസുകാര്‍ക്കിടയിലും സംസാരമുണ്ട്.
സാമാന്യ ബോധംപോലുമില്ലാത്ത രൂപത്തില്‍ പെരുമാറിയ ഈ പ്രമോട്ടി എസ്പിയുടെ നടപടികള്‍ നേരത്തെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായിട്ടുണ്ട്.
കോട്ടക്കലിലെ മണല്‍ മാഫിയയുമായി ബന്ധപ്പെട്ട ഉന്നതനൊപ്പം ‘സല്‍ക്കാര’ ത്തില്‍ പങ്കെടുക്കുന്ന എസ്.പി യുടെ ഫോട്ടോ മാധ്യമം ദിനപത്രത്തില്‍ അച്ചടിച്ച് വന്നത് വിവാദമായിരുന്നു.
മലപ്പുറം ഡി.വൈ.എസ്.പി യായിരുന്ന എസ്.അഭിലാഷിനെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിജിലന്‍സ് എസ്.പി യുടെ കൂടി മൊഴിയുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷനിലായ, ശ്രീജിത്ത് ഐ.പി.എസിന് അനുകൂലമായി ചട്ടം ലംഘിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന് ഡി.ജി.പി യുടെ മെമ്മോയും ശശികുമാറിന് ലഭിച്ചിരുന്നു. അന്ന് നടപടിയില്‍ നിന്നും രക്ഷപ്പെട്ടത് സുഹൃത്തായ ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍ മൂലമായിരുന്നു.
പോലീസ് ആസ്ഥാനമറിയാതെ നേരിട്ട് ആഭ്യന്തര വകുപ്പിലെ ഉന്നതനാണ് തെറ്റായ റിപ്പോര്‍ട്ട് ശശികുമാര്‍ അയച്ചിരുന്നത്.
ശ്രീജിത്തിന്റെ സസ്‌പെന്‍ഷന് ആധാരമായ കാര്യങ്ങളില്‍ വകുപ്പുതല അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അനന്തകൃഷ്ണന്‍, ശ്രീജിത്തിനെതിരെ നല്‍കിയ റിപ്പോര്‍ട്ട് മറി കടന്ന് അദ്ദേഹത്തിന് ഐ.ജി ആയി ഉദ്യോഗക്കയറ്റം നല്‍കിയത് ജൂനിയറായ ഈ പ്രമോട്ടി എസ്.പി യുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ്.
ഇക്കാര്യത്തില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇപ്പോഴും ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
മലപ്പുറത്ത് നിന്നും സ്ഥലംമാറ്റപ്പെട്ട ശശികുമാറിന് അപ്രധാന തസ്തികയിലേക്കായിരിക്കും മാറ്റമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ പോലീസ് മന്ത്രിയുടെ നാട്ടുകാരനും സുഹൃത്തുമൊക്കെ ആയതിനാല്‍ ക്രമസമാധാന ചുമതലയില്‍ കൊല്ലം റൂറലില്‍ തന്നെ നറുക്ക് വീഴുകയായിരുന്നു.