കൊല്ലം: കൊവിഡ് 19 നിരീക്ഷണം ലംഘിച്ച് സ്വദേശമായ കാണ്‍പുരിലേക്ക് പോയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയ്ക്ക് സസ്പെന്‍ഷന്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
അനുപം മിശ്രയുടെ നടപടി സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നത് അച്ചടക്ക ലംഘനമാണ്. തന്നെയമല്ല യഥാര്‍ഥ വിവരം മറച്ചുവെക്കാനും ശ്രമമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 18 വരെ സിംഗപ്പൂര്‍, മലേഷ്യ യാത്രകള്‍ക്ക് അവധിയിലായിരുന്നു അനുപം മിശ്ര.യാത്ര കഴിഞ്ഞ് മാര്‍ച്ച് 18-ന് തിരിച്ചെത്തിയ ഇദ്ദേഹത്തോട് നിരീക്ഷണത്തില്‍ പോകാന്‍ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ 19-ാം തിയതി മുതല്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ട അനുപം മിശ്ര ഇതിനിടെയാണ് ജന്മനാടായ കാണ്‍പൂരിലേയ്ക്ക് മുങ്ങിയത്.
എന്നാല്‍,വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ സ്വന്തം വീട്ടില്‍ പോകാന്‍ പറഞ്ഞതാണെന്നു കരുതിയാണ് താന്‍ കേരളം വിട്ടതെന്നാണ് അനുപം മിശ്ര നല്‍കിയിരിക്കുന്ന വിശദീകരണം.
വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ അറിയിച്ചതനുസരിച്ച്, ഇന്നലെ ആരോഗ്യ പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് അനുപം മിശ്ര മുങ്ങിയതറിയുന്നത്. തുടര്‍ന്ന് കളക്ടര്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോള്‍ താന്‍ ബെംഗളുരിവിലാണെന്ന് സബ് കളക്ടര്‍ കളവ് പറഞ്ഞു. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാണ്‍പൂരിലാണ് ഉള്ളതെന്ന് മനസ്സിലായത്.
നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ട മാര്‍ച്ച് 19-ന് തന്നെ അനുപം കാണ്‍പൂരിലേക്ക് പോയതായാണ് വിവരം. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് കാണ്‍പൂരിലേക്ക് കടന്നത്.
അനുപം മിശ്രയ്‌ക്കെതിരെ രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന തരത്തിലാണ് കേസ്. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ഇദ്ദേഹം ഉത്തര്‍പ്രദേശ് സ്വദേശിയാണ്.