ബാലഭാസ്കറിന്റെ മരണം: പള്ളിമുക്കിലെ ജ്യൂസ്‌ കട കേസിന്റെ നിർണായക തെളിവ്

കൊല്ലം : വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽപ്പെടുന്നതിനുമുൻപ്‌ എത്തിയ കൊല്ലത്തെ ജ്യൂസ് കട കേസിന്റെ നിർണായക തെളിവ് ആകുന്നു.കൊല്ലം പള്ളിമുക്കിലുള്ള ജ്യൂസ് കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ബാലഭാസ്കറിന്റെ സഹായിയും സ്വർണക്കടത്ത് കേസ് പ്രതിയുമായ പ്രകാശൻ തമ്പി ശേഖരിച്ചതായി കടയുടമ ഷംനാദ് ക്രൈംബ്രാഞ്ചിന് നേരത്തെ മൊഴിനൽകിയിരുന്നു. ഈ മൊഴി അദ്ദേഹം വെള്ളിയാഴ്ച മാറ്റി.

തനിക്ക് ബാലഭാസ്കറിനെ അറിയില്ലെന്നും ജ്യൂസ് വാങ്ങി കുടിച്ചുകൊണ്ടിരിക്കെ താൻ ഉറങ്ങാൻ പോയെന്നുമാണ് വെള്ളിയാഴ്ച ജ്യൂസ്‌കടയുടമ ഷംനാദ് പറഞ്ഞത്. കാർ അപകടത്തിൽപ്പെടുന്നതിന് മണിക്കൂറുകൾക്കുമുൻപാണ് ബാലഭാസ്കർ കടയിൽ എത്തിയതെന്നുമാണ്

ബാലഭാസ്കർ മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സഹായിയെന്ന് പരിചയപ്പെടുത്തി പ്രകാശൻ തമ്പി കടയിലെത്തിയെന്നും അപകടവുമായി ബന്ധപ്പെട്ട വിശദാന്വേഷണത്തിന് പോലീസിന് കൈമാറാനെന്നപേരിൽ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയെന്നുമായിരുന്നു ആദ്യമൊഴി. ദിവസങ്ങൾക്കുശേഷം മടക്കിക്കൊണ്ടുവന്ന ഹാർഡ് ഡിസ്കിൽ ദൃശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഷംനാദ് പറഞ്ഞിരുന്നു.

വെള്ളിയാഴ്ച മാധ്യമപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ ഷംനാദ് സംസാരിക്കാൻ തയ്യാറാകാതെ വീടിന്റെ കതകടച്ചു. അടുത്ത ബന്ധുക്കളെ വിളിച്ചുവരുത്തി അരമണിക്കൂറിനുശേഷം പുറത്തുവന്ന ഷംനാദ് പ്രകാശൻ തമ്പിയെ അറിയില്ലെന്നും തന്റെപക്കൽനിന്ന് പോലീസല്ലാതെ മറ്റാരും സി.സി.ടി.വി. ഹാർഡ് ഡിസ്ക് വാങ്ങിയിട്ടില്ലെന്നും പറഞ്ഞു.

സെപ്റ്റംബർ 25-ന് പുലർച്ചെ രണ്ടുമണിയോടെ ഹോൺ കേട്ടാണ് കടയിലെ വിശ്രമമുറിയിൽനിന്ന് താൻ പുറത്തുവന്നതെന്ന് ഷംനാദ് പറഞ്ഞു. അപ്പോൾ ഒരാൾ വന്ന് ഒരു ജ്യൂസ് ചോദിച്ചു. ഭാര്യക്ക്‌ വേണ്ടേയെന്ന് ചോദിച്ചപ്പോൾ യാത്രാക്ഷീണത്തിൽ നല്ല ഉറക്കത്തിലാണെന്ന് മറുപടി പറഞ്ഞു. ജ്യൂസ് കുടിച്ചുകഴിഞ്ഞ് പൈസ വാങ്ങിയശേഷം താൻ വിശ്രമമുറിയിലേക്ക് മടങ്ങി. ജ്യൂസ് കുടിച്ചയാൾ തിരിച്ച് കാറിന്റെ ഏത് സീറ്റിലാണ് കയറിയതെന്ന് ശ്രദ്ധിച്ചില്ല. രണ്ടുദിവസത്തിനുശേഷമാണ് കടയിൽ വന്നത് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറായിരുന്നെന്ന് തിരിച്ചറിഞ്ഞത്. അപകടംനടന്ന് രണ്ടുമാസത്തിനുശേഷം ഡിവൈ.എസ്.പി. ഹരികൃഷ്ണൻ വന്നാണ് ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയത്. ഇത്രയും പറഞ്ഞശേഷം ഷംനാദ് വീണ്ടും വീടിനകത്തുകയറി വാതിലടച്ചു.

സ്വർണക്കടത്ത് കേസിൽ പ്രകാശ് തമ്പി പിടിയിലാകുന്നതിനുമുൻപാണ് അയാൾ സി.സി.ടി.വി. ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയതായി ഷംനാദ് മൊഴിനൽകിയത്. പ്രകാശൻ തമ്പിയുടെ കള്ളക്കടത്ത് ബന്ധം തിരിച്ചറിഞ്ഞതോടെ ഭയന്നാകാം ഷംനാദ് മൊഴി മാറ്റിയതെന്നാണ് കരുതുന്നത്.എന്നാൽ അധികം ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാതെ ഒഴിഞ്ഞ മാറിയതും മൊഴി മാറ്റി പറഞ്ഞതും കേസിന്റെ ദൂരുഹത വർധിക്കുന്നു.

Top