കൊല്ലം: അങ്കണവാടിയില്‍ നിന്നു ലഭിച്ച അമൃതം പൊടിയില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. പരവൂര്‍ പൂതക്കുളം ശ്രീവിലാസത്തില്‍ ചിപ്പി ചന്ദ്രന്റെ പതിനൊന്ന് മാസം പ്രായമുള്ള കുട്ടിക്ക് ഈഴംവിളയിലെ അങ്കണവാടിയില്‍ നിന്നും ലഭിച്ച പൊടിയിലാണ് ചത്ത പല്ലിയെ കിട്ടിയത്. ഉടന്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും ആരും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയില്ലെന്ന് ചിപ്പി പറയുന്നു. തുടര്‍ന്ന് കൊല്ലം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ മാസം 15നാണ് ചിപ്പി അങ്കണവാടിയില്‍ നിന്നും ആറ് കവര്‍ മൂന്ന് കിലോ അമൃതം പൊടി വാങ്ങിയത്. ഇതില്‍ അഞ്ച് കവറും കുട്ടിക്ക് നല്‍കിയിരുന്നു. അവസാനത്തെ കവര്‍ പൊട്ടിച്ച് പൊടി പാത്രത്തിലേക്കു മാറ്റിയപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്.
കഴിഞ്ഞ മാസം 12 നാണ് അങ്കണവാടിയില്‍ പൊടി എത്തിയത്. ബ്ലോക്കില്‍ നിന്നും എത്തുന്ന പൊടി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും പൊടിയില്‍ പല്ലി വന്നതെങ്ങനെ എന്ന് അറിയില്ലെന്നും അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു.