കൊല്ലം: കുളത്തൂപ്പുഴ വന മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ സംഘം പരിശോധിക്കും. കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടുത്ത് കൂടുതല്‍ പരിശോധന നടത്തും. സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി.
സായുധ സേന ഉപയോഗിക്കുന്ന തോക്കിന്റെ തിരകളാണെന്നാണു പ്രാഥമിക നിഗമനം.കുളത്തുപ്പുഴയില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരെ മുപ്പതടി പാലം എന്ന സ്ഥലത്തു വനമേഖലയില്‍ മാലിന്യങ്ങള്‍ തള്ളുന്ന റോഡരുകില്‍ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകള്‍.
തിരകള്‍ തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും, വേര്‍പ്പെടുത്തിയ നിലയില്‍ രണ്ടെണ്ണവുമാണു കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കുളത്തൂപ്പുഴ പൊലീസ് വെടിയുണ്ടകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെടിയുണ്ടകളുടെ ഡയമീറ്റര്‍ നോക്കി ഏതുതരം തോക്കില്‍ ഉപയോഗിക്കുന്നതാണെന്നു തിട്ടപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു. ബാച്ച് നമ്പര്‍ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.
കണ്ടെടുത്ത വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മിതമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വെടിയുണ്ടകളില്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയോടു സാമ്യമായ മുദ്ര അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ഓര്‍ഡന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പിഒഎഫ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
7.62 എംഎം അളവിലുള്ള ഉണ്ടകളാണിതെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദീര്‍ഘദൂര പ്രഹരശേഷിയുള്ള തോക്കുകളിലാണ് ഉപയോഗിക്കുന്നത്.