കൊറോണയെന്ന് പറഞ്ഞ് കടന്ന് കളഞ്ഞു; യുവാവിനെ പൊക്കി ട്രാഫിക് പൊലീസ്‌

കൊല്ലം: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസില്‍ നിരവധിപേരാണ് തട്ടിപ്പ് നടത്തുന്നത്. പ്രതിരോധ മാസ്‌ക് മോഷണം,വ്യാജ സാനിറ്റൈസര്‍ വില്‍പ്പന അങ്ങനെ പോകുന്നു തട്ടിപ്പുകള്‍. ഇപ്പോഴിതാ കൊറോണയുടെ പേരു പറഞ്ഞ് വാഹന പരിശോധനയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പൊലീസ് തന്ത്രപൂര്‍വം കുടുക്കിയിരിക്കുകയാണ്‌.

കൊല്ലം ചിന്നക്കടയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് തനിക്കു കൊറോണ ആണെന്നു പറഞ്ഞു ബൈക്കു യാത്രക്കാരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊലീസ് കൈ കാണിച്ചപ്പോള്‍ ആംഗ്യം കാട്ടി കടന്നു കളഞ്ഞ യുവാവിന്റെ ഫോണിലേക്ക് ഉടന്‍ തന്നെ ട്രാഫിക് എസ്‌ഐ എ.പ്രദീപിന്റെ വിളി വരുകയായിരുന്നു. ‘കൊറോണ കാലമല്ലേ’ എന്നായിരുന്നു യുവാവിന്റെ മറുപടി.

പനിയാണെന്നും ഡോക്ടര്‍ 14 ദിവസം വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും പറഞ്ഞ വാഹന ഉടമയോട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലേക്കു വരുകയാണെന്നു പൊലീസ് പറഞ്ഞു. ഇതു കേട്ട ഉടനെ ഞെട്ടിയ വാഹന ഉടമ വേണ്ട സാറെ ഞാന്‍ സ്‌റ്റേഷനില്‍ വരാമെന്ന് പറഞ്ഞു. സ്റ്റേഷനിലെത്തിയ അദ്ദേഹം തനിക്ക് പനി ഇല്ലെന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും തുറന്ന് പറയുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Top