കൊല്ലം: കൊല്ലത്ത് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണ്, മരണത്തില്‍ ദുരൂഹതയുണ്ട് മുത്തച്ഛന്‍ മോഹനന്‍പിള്ള പറഞ്ഞു. അയല്‍ വീട്ടില്‍ പോലും ഒറ്റയ്ക്കു പോവാത്ത കുട്ടി ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ലെന്നും അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ലെന്നും മുത്തച്ഛന്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്നും ദേവനന്ദയെ കാണാതായത്. ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെ ദേവനന്ദയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി മരിച്ചത് ആറ്റില്‍ മുങ്ങിയാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കാണാതായി ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചതായാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താനായില്ല. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. ഇന്‍ക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്.