ജോര്‍ദാനെതിരെ ഈ മാസം 17ന് നടക്കാനിരിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം കോമല്‍ തട്ടാല്‍ ഇടംനേടി. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി പരുക്ക് മൂലം ഈ മത്സരത്തില്‍ കളിക്കാനാവില്ലെന്നതുകൊണ്ടാണ് കോമല്‍ എത്തിയത്. ഐഎസ്എല്ലില്‍ തന്റെ ക്ലബ്ബായ ബംഗളൂരു എഫ്‌സിക്കായി കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കണംകാലിനു പരുക്കു പറ്റിയത്. 17ന് അമ്മാനിലാണ് ഇന്ത്യ- ജോര്‍ദാന്‍ സൗഹൃദ പോരാട്ടം അരങ്ങേറുന്നത്.
നവംബര്‍ അഞ്ചിനു കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബംഗളൂരു 2-1ന് ജയിച്ച കളിക്കിടെയാണ് 34 കാരനായ ഛേത്രിക്കു പരുക്കേല്‍ക്കുന്നത്. ഈ കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനും ഡിഫന്‍ഡറുമായ സന്ദേഷ് ജിങ്കന്റെ ടാക്ലിങിലാണ് ഛേത്രിക്കു പരുക്കു പറ്റിയത്.
ഈ സീസണില്‍ ഇതുവരെ എ ടി കെ കൊല്‍ക്കത്തയ്ക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് കോമലിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. 18കാരനായ കോമല്‍ കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു.
ആ അണ്ടര്‍ 17 ടീമില്‍ നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തുന്ന ആദ്യ താരം എന്ന നേട്ടവും കോമല്‍ ഇതോടെ സ്വന്തമാക്കി. എ ടി കെ സ്റ്റീവ് കോപ്പല്‍ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതാണ് താരത്തെ തേടി ഈ അവസരം വരാനുള്ള കാരണം. ഈ സീസണില്‍ 340 മിനുട്ടുകളോളം കോമല്‍ തട്ടാല്‍ എ ടി കെയ്ക്കായി കളിച്ചു. ഒരു ഐ എസ് എല്‍ ഗോളും കോമല്‍ നേടിയിരുന്നു.