കോന്നി: ഓര്‍ത്തഡോക്സ് സഭാ മേലധ്യക്ഷന്റെ ചിത്രങ്ങള്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെച്ച് വ്യാജപ്രചരണം നടത്തുന്നത് സി.പി.എം സൈബര്‍ സംഘങ്ങളാണെന്ന് കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. മത ചിഹ്നങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും പ്രചരിക്കുന്ന വീഡിയോ ഗാനം കൃത്രിമമായി ചമച്ചെടുത്തതാണെന്നും അദ്ദേഹം കോന്നിയില്‍ പറഞ്ഞു.
‘പരാജയഭീതി പൂണ്ട മുന്നണികള്‍, പ്രത്യേകിച്ച് സി.പി.എമ്മിന്റെ സൈബര്‍ സംഘങ്ങള്‍ ബാവാ തിരുമേനിയുടെയും എന്റെയും ചിത്രങ്ങള്‍വെച്ച് വീഡിയോ ഇറക്കി കൊണ്ടിരിക്കുകയാണ്. എനിക്കെതിരെ പരാതിയും നല്‍കി കൊണ്ടിരിക്കുന്നു. ഞങ്ങള്‍ ജയിക്കാന്‍ പോകുന്ന മണ്ഡലത്തില്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കില്ലല്ലോ. വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണ്. പരാജയഭീതി പൂണ്ട സി.പി.എം. സൈബര്‍ സംഘവും യു.ഡി.എഫുമാണ് ഇതിനു പിന്നില്‍. സി.പി.എമ്മിന്റെ ഒരു പ്രമുഖനേതാവിന്റെ പ്രൊഫൈലില്‍നിന്നാണ് ഈ വീഡിയോ ആദ്യം പുറത്തുവന്നിട്ടുള്ളത്’- സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വിജയപ്രതീക്ഷയുണ്ട്. അടൂര്‍ പ്രകാശ് ചില കാര്യങ്ങള്‍ തുടങ്ങിവെച്ചിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണമെങ്കില്‍ കേന്ദ്രസഹായം ആവശ്യമായി വരും. മതന്യൂനപക്ഷങ്ങളുടെ അനുഭാവം ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം,തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ച് എല്‍ഡിഎഫും യുഡിഎഫും കെ സുരേന്ദ്രനെതിരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രചാരണ ഗാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
കെ.സുരേന്ദ്രന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്റെ ഫോട്ടോയും , ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവസഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചു. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ടുനേടുന്നതിനു വേണ്ടി സ്ഥാനാര്‍ത്ഥി മനപൂര്‍വ്വം ഇപ്രകാരം പ്രവര്‍ത്തിച്ചു. അതിനാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും , അഴിമതി പ്രവര്‍ത്തി നടത്തിയതിനും നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് യുഡിഎഫിന്റെ പരാതിയില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം ആയതിനാല്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വീഡിയോ പ്രചാരണം തടയണമെന്നും കാണിച്ച് കോന്നിയിലെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ ആണ് എല്‍ഡിഎഫിന് വേണ്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.