konni girls death -police report

കൊച്ചി: ഏറെ ദുരൂഹതകള്‍ ഉയര്‍ത്തിയ കോന്നിയിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പെണ്‍കുട്ടികളുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ലൈംഗിക ചൂഷണം ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേസ് അന്വേഷിച്ച പ്രത്യേക സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വീട്ടില്‍ നിന്ന് കാണാതാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത കോന്നി സ്വദേശികളായ ആതിര ആര്‍. നായര്‍, എസ്. രാജി, ആര്യാ സുരേഷ് എന്നിവരുടെ മരണത്തിലാണ് ദുരൂഹതയില്ലെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നും കേസില്‍ മറ്റു അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൂന്ന് പെണ്‍കുട്ടികള്‍ ട്രെയിനിനു മുന്നില്‍ ചാടി മരണത്തിന് കീഴടങ്ങിയ സംഭവത്തില്‍ ദുരൂഹത പുറത്തുകൊണ്ട് വരണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അടൂര്‍ ഡിവൈ. എസ്. പി എസ്. റഫീക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണം ശരിയായ ഘട്ടത്തിലാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഉബൈദ് എന്നാല്‍, അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ജൂലായ് ഒമ്പതിനാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആതിരയെയും രാജിയെയും ആര്യയെയും കാണാതായത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇവരെ തെരയുന്നതിനിടെ പാലക്കാട് പൂക്കോട്ടുകുന്ന് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ നിലയില്‍ ഇവരെ കണ്ടെത്തിയത്. ആതിര ആര്‍ നായര്‍, രാജി എന്നിവര്‍ സംഭവ സ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ആര്യാ സുരേഷ് പിന്നീട് ആശുപത്രിയിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും എന്നാല്‍ ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടില്ലെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്ലസ്ടുവിന് മാര്‍ക്ക് കുറയുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ മൂവര്‍ക്കും ആശങ്കയുണ്ടായിരുന്നു. പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക്‌നേടിയ വിദ്യാര്‍ത്ഥികള്‍ പിന്നീട് പഠനത്തില്‍ പിറകോട്ട് പോയി. നിരാശയും സാമ്പത്തിക സുരക്ഷിത ബോധമില്ലായ്മയും മാനസികമായി അലട്ടിയിരുന്നതായി കുട്ടികളുടെ ഡയറികുറിപ്പ് തന്നെ വ്യക്തമാക്കുന്നുണ്ട്. വിഷാദ മാനസികാവസ്ഥിലായ ഇവര്‍ പലതവണ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയിരുന്നു. പരസ്പരം കൈമാറിയ സന്ദേശങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് നല്‍കിയ റിപ്പോട്ടില്‍ പറയുന്നു. മരണത്തിന് കീഴടങ്ങിയ ആതിര മാത്രമാണ് പ്ലസ് വണ്‍ ഫലം പുറത്തു വന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും ജയിച്ചത്.

അതേസമയം, കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യാ സുരേഷിന് ഇംഗ്ലീഷിനും മലയാളത്തിനും മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. എസ്. രാജി ഫിസിക്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ വിജയിച്ചു. റിസല്‍ട്ട് വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്. ആര്യാ സുരേഷ് പേരാമ്പ്ര സ്വദേശിയുമായി പ്രണയത്തിലായിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ വഴി മാത്രമാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നതെന്നും അന്വേഷണത്തില്‍വ്യക്തമായി. ഇവര്‍ പരസ്പരം കണ്ടിരുന്നില്ല. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലും പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി പി. വിജയരാഘവന്‍ കോടതിയെ അറിയിച്ചു.

Top