konni-students-death-Crime-branch

കോന്നി: കോന്നി പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആദ്യം ഉമാ ബെഹ്‌റയുടേയും പിന്നീട് ഐ.ജി ബി.സന്ധ്യയുടേയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്.പിക്കാണ് അന്വേഷണത്തിന്റെ ചുമതല അന്വേഷണ ഉദ്യോഗസ്ഥനെ പിന്നീട് നിശ്ചയിക്കും.

കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്ന ആതിര, ആര്യ, രാജി എന്നീ പെണ്‍കുട്ടികളെ 2015 ജൂലൈ 9നാണ് കോന്നിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

പിന്നീട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം 2 കുട്ടികളെ മരിച്ച നിലയിലും ഒരാളെ പരിക്കേറ്റ നിലയിലും പാലക്കാട് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് മരണമടയുകയും ചെയ്തു.

വിദ്യാര്‍ഥിനികളുടെ മരണം ആത്മഹത്യയാണെന്ന അന്തിമ റിപ്പോര്‍ട്ടാണ് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍ വിദ്യാര്‍ഥിനികളുടെ മരണം ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തകരമല്ലെന്നുമുള്ള ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്.

സ്വന്തമായി മൊബൈല്‍ ഫോണുകളില്ലാതിരുന്ന പെണ്‍കുട്ടികളുടെ കയ്യില്‍ അവ എങ്ങനെ എത്തി, സിം കാര്‍ഡ് ആരുടെ പേരിലാണ്.

ആരോടൊക്കയാണ് പെണ്‍കുട്ടികള്‍, കാണണാതായതിന് ശേഷം ഫോണില്‍ സംസാരിച്ചത് തുടങ്ങിയ സംശയങ്ങള്‍ക്ക് പൊലീസിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെന്ന ആരോപണം അന്വേഷണ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു.

Top