കൊച്ചി: കോന്തുരുത്തിപ്പുഴ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. 48 മീറ്റര്‍ വീതിയുണ്ടായിരുന്ന തേവര മുതല്‍ കോന്തുരുത്തിവരെയുള്ള കോന്തുരുത്തിപ്പുഴ 178 കുടുംബങ്ങള്‍ കൈയ്യേറിയതോടെ പുഴയുടെ വീതി പലയിടത്തും രണ്ടു മീറ്ററായി ചുരുങ്ങുകയായിരുന്നു.
കൈയ്യേറ്റം ഒഴിപ്പിച്ച് പുഴ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ എത്രസമയം വേണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2017ല്‍ സര്‍ക്കാരിനോടും കോര്‍പ്പറേഷനോടും റിപ്പോര്‍ട്ട് തേടിയിട്ടും രണ്ടു വര്‍ഷമായിട്ടും ഒരു നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് എസ്. മണിശങ്കര്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിരടങ്ങുന്ന ബഞ്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ സര്‍ക്കാരിനോടും കോര്‍പ്പറഷനോടും ആവശ്യപ്പെട്ടത്.
ജില്ലാ കളക്ടര്‍ 2012ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 48 മീറ്റര്‍ വീതിയുായിരുന്ന കോന്തരുത്തിപ്പുഴയിലൂടെ ബോട്ടുകളില്‍ ചരക്ക് നീക്കം നടത്തിയിരുന്നതായി വ്യക്തമാക്കിയിരുന്നു. നിലവില്‍ പുഴയുടെ വീതി കൈയ്യേറ്റത്തെ തുടര്‍ന്ന് രണ്ട് മീറ്ററായി ചുരുങ്ങിയതായും ചൂണ്ടികാട്ടിയിരുന്നു. പുഴക്ക് കുറുകെ റോഡും പണിതിരുന്നു. പുഴ കൈയ്യേറിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരും കോര്‍പ്പറേഷനും ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ കോന്തുരുത്തിയിലെ കെ.ജെ ടോമി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ബെച്ചു കുര്യന്‍ തോമസ്, റോണി ജോസ് എന്നിവരാണ് ഹരര്‍ജിക്കാരനുവേണ്ടി ഹാജരായത്.
നഗരത്തിലൂടെ ഒഴുകുന്ന കോന്തുരുത്തിപ്പുഴയും കനാലുകളും വ്യാപകമായി കൈയ്യേറിയതോടെയാണ് മഴയില്‍ കൊച്ചി നഗരം പ്രളയത്തില്‍ മുങ്ങിയത്. അന്ന് കോര്‍പ്പറേഷനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്.