മന്‍സിയയെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്ര മതില്‍ക്കെട്ടിനുളളിലായതിനാലാണ് മന്‍സിയയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. പത്രത്തില്‍ പരസ്യം നല്‍കിയാണ് കലാപരിപാടികള്‍ ക്ഷണിച്ചത്. പത്ര പരസ്യത്തില്‍ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും ഭരണസമിതി അറിയിച്ചു.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് നര്‍ത്തകിയായ മന്‍സിയ വി.പിയെ ഒഴിവാക്കിയെന്ന വാര്‍ത്ത പുറത്ത് വരുന്നത് ഇന്നലെയാണ്. ‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മന്‍സിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഏപ്രില്‍ 21 വൈകീട്ട് 4 മണി മുതല്‍ 5 മണി വരെയാണ് മന്‍സിയയുടെ നൃത്ത പരിപാടി നടത്താനിരുന്നത്. നോട്ടിസിലും അച്ചടിച്ചിരുന്നു. എന്നാല്‍ പിന്നീട് ജാതി ചൂണ്ടിക്കാട്ടി മന്‍സിയയെ ഒഴിവാക്കുകയായിരുന്നു. ഇതാദ്യമായല്ല തനിക്ക് ഇത്തരമൊരു അനുഭവമെന്നും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് തനിക്ക് ലഭിച്ച അവസരവും ഇതേ കാരണത്താല്‍ മുടങ്ങിയെന്നും മന്‍സിയ കുറിച്ചു.