കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫില്‍ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു സക്കറിയ കോടതിയെ സമീപിച്ചു. കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ജോളി റിമാന്റില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയക്കും. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.
ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പ്പെടുത്താന്‍ വ്യാജമൊഴി നല്‍കിയെന്നും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ ജീവനും ഭീഷണിയുണ്ടെന്ന് ഷാജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിവാഹമോചന ഹര്‍ജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും.