കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ അന്വേഷണം സംബന്ധിച്ച വിശദീകരണവുമായി മുന്‍ എസ്. ഐ രാമനുണ്ണി. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ അന്ന് സംശയിക്കേണ്ട സാഹചര്യങ്ങള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘റോയിയുടെ മരണം നടന്നപ്പോള്‍ ഇവിടെ മുമ്പ് നടന്ന രണ്ട് മരണങ്ങളെക്കുറിച്ചെങ്കിലും ഇപ്പോള്‍ പരാതി നല്‍കിയവര്‍ സൂചന തരണമായിരുന്നു. അങ്ങനെയെങ്കില്‍ ഈ കേസ് ഇങ്ങനെ തീര്‍ന്നുപോകില്ലായിരുന്നെന്ന വിശ്വാസക്കാരനാണ് ഞാന്‍. അങ്ങനെയെങ്കില്‍ അതനുസരിച്ച് എനിക്ക് മേലുദ്യോഗസ്ഥരോട് അക്കാര്യങ്ങള്‍ ചോദിച്ച് തീരുമാനമെടുക്കാമായിരുന്നു. ടിവിയില്‍ അഭിമുഖം നല്‍കിയ റോയിയുടെ സഹോദരിയും സഹോദരനും വിദേശത്തായിരുന്നു. അവരെ നേരിട്ട് കണ്ട് മൊഴിയെടുക്കാനൊന്നും എനിയ്ക്ക് കഴിഞ്ഞിരുന്നില്ല.
‘ഇപ്പോള്‍ ഒടുവില്‍ ജോളി ഒസ്യത്ത് കൃത്രിമമായി ഉണ്ടാക്കിയെന്നും അതിലുണ്ടായ സംശയമാണ് ഈ മരണത്തെക്കുറിച്ചുള്ള പരാതിയിലെത്തിച്ചതെന്നാണ് എന്റെ അറിവ്. ബന്ധുക്കളില്‍ ആരും അന്ന് പരാതി പറഞ്ഞില്ല. 2012-ല്‍ താന്‍ അവിടെ നിന്ന് സ്ഥലം മാറിപ്പോയെന്നും രാമനുണ്ണി പറഞ്ഞു.
റോയിക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും ആത്മഹത്യ ആയിരിക്കാമെന്നുമാണ് ബന്ധുക്കളും സൂചിപ്പിച്ചിരുന്നത്. റോയി മരിച്ചതിന് ശേഷം ജോളിയുടെ മൊഴിയെടുക്കാനും വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്താന്‍ പരിശോധന നടത്താനും ആ വീട്ടില്‍ പോയിരുന്നു. എന്നാല്‍ സംശയത്തിന് കാരണമാകുന്നതൊന്നും അന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ വിഷമത്തിലും ഭാവത്തിലുമാണ് ജോളിയെ അന്ന് കാണപ്പെട്ടത്.
മാത്രമല്ല റോയിയുടെ പക്കല്‍ നിന്ന് എങ്ങനെ ധനികനാകാം എന്ന് വിശദീകരിക്കുന്ന പേപ്പര്‍ കട്ടിങ്ങുകളും കണ്ടെടുത്തിരുന്നു. ഇതൊക്കെ വെച്ച് നോക്കിയപ്പോള്‍ റോയിയുടെ മരണം ആത്മഹത്യയായിരിക്കാമെന്ന നിഗമനത്തിലാണ് അന്ന് എത്തിച്ചേര്‍ന്നത്. അദ്ദേഹം പറഞ്ഞു.