റോയിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചത് ജോണ്‍സണ്‍; മരണ ശേഷം സ്വന്തം പേരിലേയ്ക്ക് മാറ്റി

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫിന്റെ സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മരണ ശേഷം മൊബൈല്‍ നമ്പര്‍ ജോണ്‍സന്റെ പേരിലേക്ക് മാറ്റി. ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി.ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

ഷാജുവിനെ കൊലപ്പെടുത്തിയ ശേഷം ജോണ്‍സണെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ ജോളി മൊഴി നല്‍കിയിരുന്നു.

ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നല്‍കി. രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ നേരത്തെ ജോളി സമ്മതിച്ചിരുന്നു.

ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്നും ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു എന്നും ജോണ്‍സണ്‍ മുന്‍പ് മൊഴി നല്‍കിയിട്ടുണ്ട്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തി.

ജോണ്‍സനൊപ്പം ജോളി ബെംഗളൂരുവിലും കോയമ്പത്തൂരും പോയിരുന്നതായും പൊലീസ് കണ്ടെത്തി. ഈ വര്‍ഷത്തെ ഓണാവധിക്കാലത്തായിരുന്നു ജോളിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനം. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.

Top