ജോളിയുടെ കസ്റ്റഡി നീട്ടി; ആല്‍ഫൈനെ കൊന്ന കേസില്‍ ജോളിയുടെ അറസ്റ്റിന് അനുമതി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പയില്‍ അറസ്റ്റിലായ ജോളിയുട റിമാന്‍ഡ് കാലാവധി നവംബര്‍ നാല് വരെ നീട്ടി. താമരശേരി കോടതിയുടേതാണ് ഉത്തരവ്. സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

അതേസമയം ആല്‍ഫൈന്‍ വധക്കേസിലെ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി. ആല്‍ഫൈന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അറസ്റ്റിന് അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിരുന്നു. സിലി കൊലക്കേസില്‍ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡി തീര്‍ന്നതോടെയാണ് ജോളിയെ കോടതിയില്‍ ഹാജരാക്കിയത്.

ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്ന സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാത്യുവിനെതിരേ കേസെടുക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ മാത്യു നിലവില്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്.

ജോളി സുഹൃത്ത് ജോണ്‍സണ് കൈമാറിയത് സിലിയുടെ സ്വര്‍ണമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.പുതുപ്പാടി സഹകരണബാങ്ക് അടക്കമുള്ള സ്ഥലങ്ങളില്‍ സ്വര്‍ണ്ണംപണയം വെക്കാന്‍ നല്‍കിയെന്നാണ് ജോണ്‍സണ്‍ മൊഴി നല്‍കിയത്.1.20 ലക്ഷം രൂപക്കാണ് ജോണ്‍സണ്‍ സ്വര്‍ണ്ണംപണയം വെച്ചത്. ജോളി ആണ് പണയം വെക്കാന്‍ സ്വര്‍ണ്ണം നല്‍കിയതെന്നും ഇതില്‍ സിലിയുടെ സ്വര്‍ണ്ണം ഉണ്ടാവാമെന്നുമാണ് ജോണ്‍സന്റെ മൊഴി. സ്വര്‍ണ്ണംകണ്ടെത്താനുള്ള പോലീസ് ശ്രമം പുരോഗമിക്കുകയാണ്. സിലിയുടെ ആഭരണത്തോടൊപ്പം അന്നമ്മയുടെ 10പവനോളം വരുന്ന ആഭരണങ്ങള്‍ക്കുള്ള അന്വേഷണവും നടക്കുന്നുണ്ട്.

Top