അറസ്റ്റിന് മുമ്പ് ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു; വെളിപ്പെടുത്തല്‍ !

കോഴിക്കോട്: കൂടത്തായി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറ തുറക്കുന്നതിനു തൊട്ടു മുന്‍പായാണ് തനിക്ക് തെറ്റുപറ്റിയതായുള്ള കുറ്റസമ്മതം ജോളി ബന്ധുക്കള്‍ക്കു മുന്നില്‍ നടത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുപ്പിലാണ് ജോളിയുടെ ബന്ധുക്കള്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

അതേസമയം കഴിഞ്ഞ ദിവസം ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയ വസ്തു സയനൈഡ് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയിരുന്നത്.

മുമ്പ് നടത്തിയ ചോദ്യം ചെയ്യലില്‍ സിലിയെ കൊല്ലാന്‍ ഭര്‍ത്താവ് ഷാജു സഹായിച്ചെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍വെച്ചാണ് ആദ്യ വധശ്രമമുണ്ടായതെന്നാണ് വെളിപ്പെടുത്തല്‍. അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തിനല്‍കി സിലിയെ വധിക്കാന്‍ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. ഇത് കഴിച്ച് സിലി ഛര്‍ദിച്ച് അവശയായെങ്കിലും രക്ഷപ്പെടുകയായിരുന്നു.

ജോളിയെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പടുത്തി.

Top