കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകം ജോളി നടത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് സൂചന. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് കൊലപ്പെടുത്തിയത്.
ഇത് ‘ഡോഗ് കില്‍’ ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്നാണ് നായ വിഷം വാങ്ങിയത്. ആട്ടിൻ സൂപ്പിൽ കീടനാശിനി കലർത്തിയാണ് അന്നമ്മയെ കൊന്നത് എന്നായിരുന്നു നേരത്തെ ജോളി നല്‍കിയ മൊഴി. ഇത് വഴിതെറ്റിക്കാനായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇതിനിടെ മനോരോഗ വിദഗ്ധനെ കാണണമെന്ന് ജോളി അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും പലതവണ ആവശ്യമറിയിച്ചു.
കടുത്ത മാനസിക സമ്മര്‍ദ്ധം. ഉറങ്ങാനാകുന്നില്ല. ഓര്‍മക്കുറവും വല്ലാതെയുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് മനോരോഗ വിദഗ്ധനെ കാണണമെന്ന് ജോളി വാശിപിടിക്കുന്നത്. സിലിക്കേസിലും, മാത്യു മഞ്ചാടിയിലിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലും പലതവണ അന്വേഷണസംഘത്തോട് ആവശ്യമറിയിച്ചു.
നാലാമത്തെ കേസില്‍ കസ്റ്റഡി കഴിഞ്ഞ് കഴിഞ്ഞദിവസം ജയിലില്‍ മടങ്ങിയെത്തുമ്പോള്‍ ജോളി വീണ്ടും ആവശ്യമറിയിച്ചു. ജയിലില്‍ പതിവായെത്തുന്ന ഡോക്ടറെയോ കൗണ്‍സിലറയോ കണ്ടാല്‍ തീരുന്ന പ്രശ്നങ്ങളല്ല തനിക്കുള്ളതെന്നും ജോളി വാദിക്കുന്നു. ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും നിലപാട്.
അതേസമയം അഞ്ചാമത്തെ കേസിലും ജോളിയെ അറസ്റ്റ് ചെയ്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. കുറ്റ്യാടി സിഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.