കൂടത്തായി കൊലപാതക പരമ്പര; ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്യന്നു. വടകര തീരദേശ പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിനെയും ജോളിയേയും ഒന്നിച്ചിരുത്തിയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അച്ഛന്‍ സഖറിയാസിനേയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിട്ടുണ്ട്.

സിലിയുടെ മരണത്തില്‍ ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അറിവോടെയാണ് സിലിയുടെ കൊലപാതകമെന്ന് ജോളി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

സിലിയെ കൊലപ്പെടുത്താന്‍ ഷാജു ജോളിയെ സഹായിച്ചതായി സംശയമുണ്ടെന്ന് സിലിയുടെ ബന്ധു വി.ഡി.സേവ്യറും പ്രതികരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യരുതെന്ന് ഒപ്പിട്ട് നല്‍കിയത് ഷാജുവാണ്. സിലിയുടെ സഹോദരന്‍ സിജോയോട് ഒപ്പിടാന്‍ ഷാജുവും ജോളിയും നിര്‍ബന്ധിച്ചെങ്കിലും സിജോ തയ്യാറായില്ല. താമരശേരിയിലെ ദന്താശുപത്രിയില്‍നിന്ന് കിലോമീറ്ററുകള്‍ ചുറ്റിയാണ് ജോളി കാറോടിച്ച് ഷാജുവിനൊപ്പം സിലിയെ ഓമശേരിയിലെ ആശുപത്രിയിലെത്തിച്ചതെന്നും സേവ്യര്‍ പറഞ്ഞു.

സിലിയെ കൊല്ലാനായി മൂന്ന് തവണ സയനൈഡ് നല്‍കിയെന്ന് ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. 2016 ജനുവരി 11നായിരുന്നു സിലിയുടെ മരണം. അന്നേ ദിവസം മണിക്കൂറുകള്‍ക്കുള്ളിലാണ് സിലിക്ക് ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ് നല്‍കിയത്.

താമരശേരി ദന്താശുപത്രിയില്‍ കുഴഞ്ഞു വീണ സിലിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാതെ ജോളി ഓമശ്ശേരിയിലേക്ക് കൊണ്ട് പോയതും മരണം ഉറപ്പുവരുത്താനായിരുന്നു. അവസാനമായി സിലി ഭക്ഷണം കഴിച്ചത് ജോളിയുടെ വിട്ടില്‍ നിന്നായിരുന്നുവെന്ന് മകനും പൊലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം, കേസില്‍ ഒന്നാംപ്രതിയായ ജോളിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പാണ് ഇന്ന് നടക്കുക. താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. ഇന്നലെ 11 മണിക്കൂറിലധികം അന്വേഷണ ഉദ്യോഗസ്ഥര്‍ ജോളിയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയും ചോദ്യം ചെയ്യല്‍ തുടരും. ഇതിന് ശേഷമായിരിക്കും തെളിവെടുപ്പ്. വരും ദിവസങ്ങളില്‍ കട്ടപ്പനയില്‍ തെളിവെടുപ്പ് നടത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയുണ്ട്. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന

Top