കൂടത്തായി: റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു; ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും

കോഴിക്കോട്: കൂടത്തായി കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നു റൂറല്‍ എസ്പി കെ. ജി. സൈമണ്‍. കൃത്യമായി ആസൂത്രണം ചെയ്താണ് അന്വേഷണം. ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരന്‍ റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് ആദ്യം മനസ്സിലാക്കിയതും റോജോയാണ്. ഷാജുവിന്റെ പിതാവ് സക്കറിയയെയും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനകളുണ്ട്.

ഇതിനിടെ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സഹോദരങ്ങളും അമ്മാവനും വടകരയിലെ റൂറല്‍ എസ്പി ഓഫീസിലെത്തി. ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചതനുസരിച്ചാണ് ഇവര്‍ എത്തിയത്.ജോളിയുമായുള്ള വിവാഹത്തിന് തന്നെ സിലിയുടെ ബന്ധുക്കളും നിര്‍ബന്ധിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാല്‍ സിലിയുടെ സഹോദരനടക്കം ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ് ഉണ്ടായത്. ഇതടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് ഇവരെ വിളിച്ച് വരുത്തിയത്.

അതേസമയം, കല്ലറകളില്‍നിന്നു പുറത്തെടുത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. മെറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുക. ഇതിനായി റോയിയുടെ സഹോദരങ്ങളുടെ ഡിഎന്‍എ സാംപിള്‍ എടുക്കും.

Top