കോഴിക്കോട്: തനിക്ക് മനഃപ്രയാസങ്ങള്‍ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നും കൂടത്തായി കൊലക്കേസ് പ്രതി ജോളി കോടതിയില്‍. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോള്‍ വേണമെന്നും മറുപടി നല്‍കി.
ജോളിയെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സിലി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുക. കൊലയ്ക്ക് ശേഷം ജോളി കൈവശപ്പെടുത്തിയ സിലിയുടെ സ്വര്‍ണവും കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ കുപ്പിയും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ഇന്നലെ സിലി വധക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ എത്തിയില്ല. തുടര്‍ന്നു കോടതിയുടെ നിര്‍ദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള അഡ്വ കെ ഹൈദര്‍ ജോളിയുടെ വക്കാലത്ത് എറ്റെടുത്തു. റോയ് തോമസ് വധക്കേസില്‍ ജോളിയുടെ വക്കാലത്ത് എടുത്തത് അഡ്വ. ബി എആളൂരായിരുന്നു. എന്നാല്‍ സൗജന്യ നിയമസഹായമെന്നു കരുതിയാണ് ആ കേസില്‍ വക്കാലത്ത് ഒപ്പിട്ടതെന്നു ജോളി പറഞ്ഞിരുന്നു.
സിലി വധക്കേസില്‍ ജോളി ജോസഫിനെ 6 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആദ്യഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോളിയെ കഴിഞ്ഞ ദിവസം ജയിലിലെത്തിയാണു സിലി വധക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി 26നു വൈകിട്ട് 4 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവ്.