കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരെ ആരോപണവുമായി കൊല്ലപ്പെട്ട സിലിയുടെ മകന്‍. പൊന്നാമറ്റം വീട്ടിലെ തന്റെ ജീവിതം തികച്ചും അപരിചിത്വത്വം നിറഞ്ഞതായിരുന്നുവെന്ന് സിലിയുടെ മകന്‍ അന്വേഷണ സംഘത്തോടു പറഞ്ഞു. രണ്ടാനമ്മയായ ജോളിയില്‍ നിന്ന് തനിക്ക് ഒരുപാട് പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജോളി നല്‍കിയ വെള്ളം കുടിച്ചശേഷമാണ് സിലിയുടെ ബോധം പോയതെന്നും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ഇന്നലെയാണ് സിലിയുടെ മകന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസില്‍ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയില്‍ വെച്ച് ജോളി സയനൈഡ് നല്‍കി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. വടകര തീരദേശ പൊലീസ് സ്റ്റേഷന്‍ സി.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികള്‍.
അതേസമയം കൂടത്തായി കേസിലെ ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളുടെ റിമാന്‍ഡ്കാലാവധി നവംബര്‍ രണ്ടുവരെ നീട്ടി.