കൂടത്തായി കൊലപാതക പരമ്പര: നാല് പേരുടെ ശരീരാവശിഷ്ടങ്ങള്‍ കൂടി ഫോറന്‍സിക് ലാബിലേക്കയച്ചു

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസന്വേഷണത്തിന്റെ ഭാഗമായി നാല് പേരുടെ ശരീരാവശിഷ്ടങ്ങള്‍ കൂടി ഫോറന്‍സിക് ലാബിലേക്കയച്ചു. കൊലചെയ്യപ്പെട്ട ടോം തോമസ്, അന്നമ്മതോമസ്, അല്‍ഫൈന്‍, മാത്യു മഞ്ചാടി എന്നിവരുടെ ശരീരാവശിഷ്ടങ്ങളാണ് ഹൈദ്രാബാദിലെ സെന്റര്‍ ഫോര്‍ ഫോറന്‍സിക് ലാബില്‍ എത്തിച്ചത്.

റോയി തോമസ്, സിലി എന്നിവരുടെ ശരീരാവശിഷ്ടങ്ങള്‍ നേരത്തെ പരിശോധനക്ക് അയച്ചിരുന്നു. ഇവരുടെ ശരീരത്തില്‍ സൈനയ്ഡിന്റെ അംശം ഉണ്ടോ എന്ന് പരിശോധിക്കാന്‍ കോഴിക്കോട് ജില്ലാക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. റോയി തോമസിന്റെ ഭാര്യ ജോളിയാണ് കേസിലെ പ്രധാന പ്രതി.

റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍. ഹരിദാസിന്റെ സംഘത്തിലുള്‍പ്പെട്ട എസ്.ഐമാരായ പി.പി.മോഹന കൃഷ്ണന്‍, വി.പി. രവി, എ.എസ്.ഐ. എം.പി. ശ്യാം, സി.പി.ഒ. കെ.വി. പ്രവീണ്‍ എന്നിവരാണ് ഹൈദ്രാബാദിലെ സെന്റര്‍ ഫോര്‍ ഫോറന്‍സിക് ലാബിലേക്ക് പോയിരിക്കുന്നത്.

Top