കോഴിക്കോട് : കൂടത്തായ് റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്റെ നിര്‍ണായക മൊഴി. റോയ് തോമസിന്റെ കൊലപാതകത്തിലെ പങ്ക് ജോളി സമ്മതിച്ചിരുന്നതായി മൂത്ത സഹോദരന്‍ ജോര്‍ജ് വിചാരണ കോടതിയില്‍ മൊഴി നല്‍കി.കൂടത്തായി റോയ് തോമസ് വധക്കേസിലെ ഒമ്പതാം സാക്ഷിയാണ് ജോളിയുടെ മൂത്ത സഹോദരനായ ജോര്‍ജ് എന്ന ജോസ്. 2019 ഒക്ടോബര്‍ മൂന്നിന് ജോളി ആവശ്യപ്പെട്ടതനുസരിച്ച് കൂടത്തായിലെ പൊന്നാമറ്റം വീട്ടിലെത്തിയിരുന്നതായി ജോര്‍ജ് മൊഴി നല്‍കി. ജില്ലാ ക്രൈംബ്രാഞ്ച് കുടുംബകല്ലറ തുറക്കാന്‍ പോകുന്നതില്‍ ജോളി വിഷമം പ്രകടിപ്പിച്ചിരുന്നു. വിഷമിക്കുന്നതെന്തിനാണെന്ന് ചോദിച്ചപ്പോഴാണ് കൊലപാതകത്തില്‍ പങ്കുണ്ടെന്ന കാര്യം ജോളിപറഞ്ഞത്. പിന്നീട് ജോളി ആവശ്യപ്പെട്ടപ്പോള്‍ വക്കീലിനെ കാണാന്‍ പോയി. ഭര്‍ത്താവ് ഷാജുവും ഒപ്പമുണ്ടായിരുന്നതായി സഹോദരന്‍ കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ആര്‍ ശ്യാംലാല്‍ മുമ്പാകെ മൊഴി നല്‍കി.
ജോളിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മനസിലായപ്പോള്‍ മകന്‍ റെമോ ജോളിയോട് ദേഷ്യപ്പെട്ടിരുന്നതായും ജോര്‍ജ് സാക്ഷി വിസ്താരത്തില്‍ പറഞ്ഞു. ജോളിയുടെ അഭിഭാഷകന്‍ ബി എ ആളൂരിന്റെ അസൗകര്യം കാരണം എതിര്‍ വിസ്താരം ഈ മാസം 27 ലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ ,അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ സുഭാഷ് എന്നിവര്‍ ഹാജരായി. മകനും രണ്ടാം ഭര്‍ത്താവായ ഷാജുവും ബന്ധുക്കളും നേരത്തെ ജോളിക്കെതിരെ മൊഴി നല്‍കിയിരുന്നു. തന്റെ ഭാര്യ സിലി മരിച്ച് രണ്ടു മാസത്തിനകം ജോളി വിവാഹാഭ്യാര്‍ത്ഥന നടത്തിയിരുന്നുവെന്നായിരുന്നു ഷാജുവിന്റെ മൊഴി. വിവാഹത്തിന് മുമ്പേ തന്നെ തന്റെ സ്വത്തിലായിരുന്നു ജോളിയുടെ കണ്ണെന്നും ഷാജു മൊഴി നല്‍കിരുന്നു.