പ്രമുഖ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് ലാത്വിയയിൽ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു അദ്ദേഹം. ലാത്വിയൻ മാധ്യമങ്ങളാണ് മരണം റിപ്പോർട്ട് ചെയ്തത്. 59 വയസ്സായിരുന്നു. ലോക വ്യാപകമായി ഒരുപാട് ആരാധകരുള്ള സംവിധായകനായിരുന്നു കിം കി ഡുക്ക്. 1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്.
കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം നവംബർ 20 നാണ് അദ്ദേഹം ലാത്വിയയിൽ എത്തുന്നത്. 2004-ൽ സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെയും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെയും മികച്ച സംവിധായകനുള്ള പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട് കിം കി ഡുക്. ഹ്യൂമൻ,സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.