ഹോണോലുലു: കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഏറ്റുവാങ്ങി. 55 സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ നല്‍കിയതില്‍ ഒരാളുടെ മാത്രമാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഫോറന്‍സിക് പരിശോധന നടത്തും.
ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് ഉത്തരകൊറിയ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ അമേരിക്കയ്ക്ക് നല്‍കുന്നത്. 55 സൈനികരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ദക്ഷിണ കൊറിയയിലെ ഓസന്‍ വ്യോമത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന ഏറ്റുവാങ്ങിയത്.
മൃതദേഹം തിരിച്ചറിയാനുള്ള ഫോറന്‍സിക് പരിശോധനകള്‍ക്കായി ഹവായിലേക്ക് അയച്ചിട്ടുണ്ട്. 55 പേരും അമേരിക്കന്‍ സൈനികര്‍ തന്നെയാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത 7700 അമേരിക്കന്‍ സൈനികരെക്കുറിച്ച് ഒരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല.