പോപ്പിലും സീരീസിലും കൊറിയൻ തരംഗം; ഇരു കയ്യും നീട്ടി ഇന്ത്യൻ പ്രേക്ഷകർ

രുകാലത്ത് കൊറിയ എന്ന് കേട്ടാൽ യുദ്ധ ചരിത്രങ്ങൾ മാത്രം ഓർത്തിരുന്ന ലോകത്തിനു ഇന്ന് കൊറിയ എന്ന് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ഗണ്ണം സ്റ്റൈലും, ബിടിഎസ്സും, സ്ക്വിഡ് ഗെയിമും ഒക്കെയാണ്. ലോകമെമ്പാടും വളരെ ചുരുങ്ങിയ സമയം കൊണ്ട് കൊറിയൻ കലകൾക്ക് സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ കൊറിയൻ പരമ്പരകളും ചലച്ചിത്രങ്ങളും സൗത്ത് കൊറിയ എന്ന രാജ്യത്തെ സ്നേഹിക്കാൻ കാരണമായിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ കെ പോപ്പ് ബാൻഡ് ആയ ‘ബിടിഎസ്സിന് പ്രത്യേക ആർമി തന്നെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഒരിക്കൽ ഇന്ത്യയിലെ ആരാധകർക്ക് നന്ദി പറഞ്ഞും ബിടിഎസ്സ് ബാൻഡിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴും ബാൻഡിന്റെ പരിപാടി ഇന്ത്യയിൽ നടത്താനുള്ള കഠിന പ്രയത്നത്തിലാണ് ബിടിഎസ്സ് ആർമി.

കൊവിഡ് തരംഗം എല്ലാവരെയും വീട്ടിൽ ഇരുത്തിയപ്പോൾ ഒടിടിയിൽ കൂടുതൽ പ്രേക്ഷകരെ നേടിയെടുത്തത്, ഹോളിവുഡും, കൊറിയൻ ചിത്രങ്ങളുമാണ്. ‘ട്രെയിൻ ടു ബുസാൻ’, ‘പാരസൈറ്റ്’, ‘പെനിൻസുല’, ‘എ റ്റെയിൽ ഓഫ് ടു സിസ്റ്റേഴ്സ്’, ‘ദി വൈലിങ്’ തുടങ്ങി നിരവധി കൊറിയൻ ചിത്രങ്ങൾ ഇന്ത്യൻ സിനിമ പ്രേമികളിൽ ഇടം നേടിക്കഴിഞ്ഞു. കെ പോപ്പ് സംഗീത ബാൻഡുകളായ ‘ബിടിഎസ്സും’ ‘ബ്ലാക്ക് പിങ്കും’ ഇന്ത്യൻ യുവാക്കൾക്കിടയിൽ ഹരമാണ്, ഇത് കൂടാതെ പരമ്പരകൾ വേറെയും. ഹോളിവുഡ് സിനിമ ആസ്വാദനം എന്നതിൽ നിന്നുമാറി ഇന്ന് ഇന്ത്യൻ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്ന പുതിയ കലാസ്വാദന രീതി സൗത്ത് കൊറിയൻ സംഗീതവും, സിനിമയും, ഭക്ഷണവും, സംസ്കാരവുമാണ്.

സ്വന്തം ഗാനങ്ങൾ 100 കോടിയിലധികം പ്രേക്ഷകരെ നേടി മുന്നോട്ടു കുതിച്ച സൈയുടെ പാട്ടുകൾ ലോകം ഏറ്റെടുത്ത് ഞൊടിയിടയിലാണ്. 2013ൽ സൈ പുറത്തിറക്കിയ ജെന്റിൽമാൻ എന്ന പാട്ട് യുട്യൂബിൽ കണ്ടവരുടെ എണ്ണവും100 കോടിയിലധികം. ഇന്ത്യയിൽ വലിയ തരംഗമുണ്ടാക്കിയ ‘ഗണ്ണം സ്റ്റൈൽ’ എന്ന ഗാനത്തിനു പിന്നാലെയായിരുന്നു സൈ ‘ജെന്റിൽമാൻ’ പുറത്തിറക്കിയത്. ഗണ്ണം സ്റ്റൈലിലെ നൃത്തച്ചുവടുകൾ ആയിരുന്നു മറ്റൊരു ഹൈലൈറ്റ്. 2013ൽ ലോകം യുട്യൂബ് വഴി ഏറ്റവുമധികം പ്രാവശ്യം കണ്ട വീഡിയോയും ഇതുതന്നെയായിരുന്നു. 597 മില്യൺ പ്രാവശ്യമാണ് കോഴ്ച്ചക്കാർ പാട്ടു വീക്ഷിച്ചത്

പലനിറങ്ങളിൽ ഉള്ള തലമുടികളും, വ്യത്യസ്ത വസ്ത്രധാരണവും, പാടുന്ന പാട്ടുകളുടെ വ്യത്യസ്‍തത കൊണ്ടും, ജീവിത കഥകൊണ്ടും ലോക ശ്രദ്ധ നേടിയ ബാൻഡാണ് ബിടിഎസ്സ്. ലോകമെമ്പാടും 1843 ഫാൻ ക്ലബുകളും 9 കോടിയോളം ആരാധകരും ഇപ്പോൾ തന്നെ കെ- വേവിനുണ്ട്. അതുപോലെ തന്നെ കൊറിയൻ സിനിമകളും സ്ക്വിഡ് ഗെയിം പോലെ ഉള്ള പരമ്പരകളും ഇന്ത്യയിൽ വലിയ തരംഗമായി മാറിക്കഴിത്തു. ലോകത്ത് കൊറിയൻ തരംഗം അതിന്റെ പൂർണതയിലേക്ക് കടന്നു എന്നാണ് പല നിരീക്ഷകരും ഇപ്പോൾ അഭിപ്രായപ്പെടുന്നത്.കൊറിയൻ കോസ്മെറ്റിക് ഉത്പന്നങ്ങൾ പോലും ഇന്ത്യയിൽ ഇന്ന് വലിയ വിറ്റുവരവുണ്ടാക്കുന്നു. 2018ൽ 13.1 ബില്യൻ ആദായം കൊറിയൻ ഉതപ്പന്നങ്ങൾ ഉണ്ടാക്കി എന്നാണ് റിപ്പോർ ട്ട്. ചൈനയിലും ശ്രീലങ്കയിലും മലേഷ്യയിലും ജപ്പാനിലുമൊക്കെ ഇത് പാശ്ചാത്യ കോസ്മെറ്റിക് വ്യവസായത്തെ പതിയെ പിന്തള്ളിത്തുടങ്ങി. വൈറ്റമിൻ സി സീറം, വൈറ്റമിൻ ഇ മാസ്ക് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രിയപ്പെട്ട കൊറിയൻ കോസ്മെറ്റിക്സ് ഉൽപന്നങ്ങൾ.

Top