കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. സ്റ്റേറ്റ് അറ്റോര്‍ണിയെ ഇക്കാര്യം അറിയിച്ചു.
ഒന്നെങ്കില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നതിന് കാഴ്ചക്കാരായി നോക്കിനില്‍ക്കുക. ഈ രണ്ട് മാര്‍ഗമാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നാണ് സര്‍ക്കാര്‍ ആവശ്യം തള്ളികൊണ്ട് കോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കേണ്ടത്. അതിനാല്‍ തന്നെ ആവശ്യത്തിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി. ഇതോടെയാണ് കോടതി കേന്ദ്ര സേനയെ വിളിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത തേടിയത്.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.