കൊച്ചി: കോതമംഗലത്ത് മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തു. പ്രതികളായ മനീഷ് കുമാര്‍, സോനു കുമാര്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട രണ്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോദിയും, പട്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനീഷ് കുമാറാണ് പിടിയിലായത്. ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നാണ് സോനു കുമാറിനെ പിടികൂടിയത്. മുനവറില്‍ നിന്നാണ് പൊലീസ് മനീഷ് കുമാറിനെ പിടികൂടിയത്.
കേസിലെ പ്രതികള്‍ കേരളത്തിലേക്ക് കൂടുതല്‍ തോക്കുകള്‍ എത്തിച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇരുപതോളം തോക്കുകള്‍ കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിന് മൊഴിയും നല്‍കിയിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോണ്‍ വന്നതായും പൊലീസ് കണ്ടെത്തി.