മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ. കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലാണ് അറസ്റ്റ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അതേസമയം, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉഫവാസ പന്തലിലെത്തി. എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ഉപവാസം തുടരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടൻ എംഎല്‍എ, ഡീൻ കുര്യാക്കോസ് എംപി എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെയാണ് കേസ് എടുത്തത്.
ആശുപത്രിയിൽ അക്രമം നടത്തൽ, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎല്‍എ അടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തിൽ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടയുകയും പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു.