കണ്ണൂരിലെ രാഷ്ട്രീയ പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമയാണ് ‘കൊത്ത് ‘. ഈ സിനിമയ്ക്ക് പ്രതീക്ഷിച്ച ഓളം ഉണ്ടാക്കാന്‍ കഴിയാത്തതിനു കാരണം പലതാണ്. അതില്‍ പ്രധാനം ഇത്തരം രാഷ്ട്രീയ പ്രമേയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കാഴ്ചക്കാരായി എത്തേണ്ട ജനവിഭാഗങ്ങളുടെ പിന്‍മാറ്റമാണ്. പേര് തിരിച്ചിട്ടാലും ചെങ്കൊടിയിലെ അരിവാളിനൊപ്പമുള്ള ചുറ്റിക ഒഴിവാക്കിയാലും നായകന്റെ പാര്‍ട്ടിയായി സി.പി.എമ്മിനെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മറുഭാഗത്താകട്ടെ ആര്‍.എസ്.എസിനെയാണ് പ്രതിഷ്ടിച്ചിരിക്കുന്നത്. സേവാഭാരതിയുടെ ആംബുലന്‍സില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകനെ കൊണ്ടു പോകുന്നതു മുതല്‍ ‘ബലിദാനി’ എന്ന വിശേഷണം വരെ പ്രേക്ഷകര്‍ക്ക് കൃത്യമായും വ്യക്തമായും മനസ്സിലാക്കാന്‍ കഴിയും വിധമാണ് ചിത്രീകരിച്ചരിക്കുന്നത്. കാവിയും ചുവപ്പും തമ്മില്‍ പരസ്പരം കൊത്തിപ്പിളര്‍ക്കുന്ന കൊത്തില്‍ ആദ്യം പിടഞ്ഞ് വീണിരിക്കുന്നത് ഒരു കമ്യൂണിസ്റ്റുകാരനാണ്. തുടര്‍ന്നാണ് മറുഭാഗത്തും പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. ഇതിനുള്ള തിരിച്ചടിയിലാണ് ആത്മമിത്രങ്ങളായ രണ്ടു സഖാക്കളില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്. അതോടെ സിനിമയുടെ സ്വഭാവവും മാറുകയാണ് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയിലേക്കാണ് പിന്നീട് സിനിമ പ്രേക്ഷകരെ കൊണ്ടു പോകുന്നത്.
കണ്ണൂരിലെ രണ്ട് സഖാക്കളുടെ കഥ പറയുന്ന സിനിമ കാണാന്‍ വലിയ പ്രതീക്ഷയോടെ എത്തിയ ഇടതുപക്ഷ പ്രവര്‍ത്തകരെയും അനുഭാവികളെയും ഏറെ നിരാശപ്പെടുത്തിയതും സിനിമയുടെ രണ്ടാം പകുതിയിലെ ഈ ഭാവമാറ്റമാണ്. കമ്യൂണിസ്റ്റുകളെ ക്രിമിനലുകളായും കൊലയാളികളായും മാത്രമല്ല ഭയമുള്ളവരായും രണ്ടാം പകുതിയില്‍ ബോധപൂര്‍വ്വം ചിത്രീകരിച്ചിട്ടുണ്ട്. കണ്ണൂരിനെ സംബന്ധിച്ച് ഒരിക്കലും നടക്കാത്ത കാര്യമാണ് രചയിതാവിന്റെ ഭാവനയില്‍ നിന്നും പിറവി കൊണ്ടിരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിന് എതിരായ സിനിമ എന്ന് മാധ്യമങ്ങളിലൂടെ അവകാശപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തിനും എങ്ങനെയാണ് കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്ന കാര്യം പോലും സിനിമയില്‍ അവതിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊത്ത് എന്ന പേരിട്ട് ആദ്യാവസാനം കൊത്തി തീര്‍ക്കുക എന്ന ശൈലി മാത്രമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. സിനിമയില്‍ ആദ്യം കൊല്ലപ്പെട്ടുന്ന കമ്യൂണിസ്റ്റുകാരന്‍ എന്തിനു കൊല്ലപ്പെട്ടു എന്നത് ഒരു ഘട്ടത്തിലും സിനിമയില്‍ വിശദീകരിക്കുന്നില്ല. അതായത് തുടക്കം മുതല്‍ തിരക്കഥാകൃത്തിന് പാളിയെന്ന് വ്യക്തം
പാര്‍ട്ടി ഒളിവില്‍ പാര്‍പ്പിച്ച പ്രവര്‍ത്തകനെ പാര്‍ട്ടി അറിയാതെ വിളിച്ചു വരുത്തി എതിരാളിക്ക് കൊത്താനുള്ള അവസരം ഉണ്ടാക്കുന്ന നായകനെയും സിനിമയില്‍ മാത്രമേ കാണാന്‍ സാധിക്കുകയൊള്ളൂ. കണ്ണൂരിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അതിന് സാധ്യതയില്ല. ഈ ബോധം സിനിമയിലെ അരാഷ്ട്രീയകൂട്ടങ്ങള്‍ക്ക് ഇല്ലങ്കിലും കമ്യൂണിസ്റ്റ് അനുഭാവിയായ രഞ്ജിത്തിനെങ്കിലും ഉണ്ടാകണമായിരുന്നു. ഇടതുപക്ഷ പശ്ചാത്തലമുള്ള രഞ്ജിത്ത് നിര്‍മ്മിച്ച കൊത്തിലെ നായകന്‍ ആസിഫ് അലിയും നായിക നിഖില വിമലും കമ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും വരുന്നവരാണ്. സിനിമയുടെ പ്രമോഷന്റെ ഹൈലൈറ്റ് തന്നെ കണ്ണൂരും ചെങ്കൊടിയുമായിരുന്നു. വ്യക്തമായി ആസൂത്രണം ചെയ്ത ബിസിനസ്സ് തന്ത്രമായിരുന്നു അത്. ഇതെല്ലാം കണ്ടാണ് സിനിമ കാണാന്‍ തുടക്കത്തില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തിയറ്ററുകളിലേക്ക് ഒഴുകിയിരുന്നത്. എന്നാല്‍ അവര്‍ക്കെല്ലാം നിരാശയോടെയാണ് തിയറ്റര്‍ വിടേണ്ടി വന്നിരുന്നത്. കണ്ണൂരിലെ സിനിമാ ചിത്രീകരണസമയത്ത് സഹകരിച്ച സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും കൊത്ത് കണ്ട് ആകെ നിരാശയിലാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്ത് നിര്‍മ്മിച്ച സിനിമയില്‍ നിന്നും ഇത്തരമൊരു രാഷ്ട്രീയ പ്രമേയം അവരാരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ തിരിച്ചറിവാണ് സിനിമയുടെ കളക്ഷനെയും നിലവില്‍ ബാധിച്ചിരിക്കുന്നത്.
സിനിമയില്‍ രഞ്ജിത്ത് അഭിനയിച്ച കമ്യൂണിസ്റ്റ് നേതാവിന്റെ റോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യത്തോട് അല്പമെങ്കിലും നീതി പുലര്‍ത്തുന്നത്. തന്റെ കഥാപാത്രത്തോട് കാട്ടിയ ആ നീതി പക്ഷേ സിനിമ നിര്‍മ്മാണത്തില്‍ രഞ്ജിത്ത് കാട്ടിയിട്ടില്ല. രഞ്ജിത്ത് വെറും ഒരു നിര്‍മ്മാതാവ് മാത്രമല്ല നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനുമാണ്. കൊത്തിലെ പ്രമേയം അറിയില്ലായിരുന്നു എന്നു മാത്രം ഇനി പറഞ്ഞേക്കരുത്. സിനിമ സാങ്കല്‍പ്പികമാണ് കഥാകാരന്റെ സൃഷ്ടിയാണ് എന്നൊക്കെ വാദിക്കാമെങ്കിലും അത്തരം ഭാവനകള്‍ക്കു പിന്നിലും വ്യക്തമായ അജണ്ടകള്‍ ഉണ്ടെന്നതാണ് സത്യം . അത് എഴുതുന്നവന്റെ അജണ്ടയാണ്. കണ്ണൂരിന്റെ രാഷ്ട്രീയം പറയുന്ന കൊത്തില്‍ പ്രതയ ശാസ്ത്രപരമായ ഒന്നുമില്ലാത്തതും അതു കൊണ്ടാണ്. വസ്തു നിഷ്ടമായി പറഞ്ഞാല്‍ കണ്ണൂര്‍ രാഷ്ട്രീയം മോശമാണെന്ന് പറയാന്‍ എടുത്ത സിനിമയാണ് കൊത്ത് അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്വന്തം ജീവനേക്കാള്‍ ചെങ്കൊടിയെ സ്‌നേഹിക്കുന്ന ജനതയെയാണ് ഇവിടെ തിരക്കഥാകൃത്തും സംവിധായകനും അപമാനിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി എല്ലാം ആകുന്നതാണ് ഇവരുടെ പ്രശ്‌നം. അതിനെയാണ് ഞങ്ങളും ചോദ്യം ചെയ്യുന്നത്. ഇത്തരമൊരു ചോദ്യം ചെയ്യല്‍ സിനിമയുടെ ഒരു ഘട്ടത്തിലും കാവിക്കുട്ടത്തോട് ചോദിക്കാതിരുന്നതും ബോധപൂര്‍വ്വമാണ്.
കൊല്ലപ്പെട്ട കമ്യൂണിസ്റ്റുകാരന്റെ കുടുംബത്തിന്റെ അവസ്ഥ ചിത്രീകരിക്കാത്തവരാണ് ഈ സംഭവത്തിലെ പ്രധാന പ്രതി കൊല്ലപ്പെട്ടപ്പോള്‍ കൊലയാളിയുടെ കുടുംബത്തിന്റെ അവസ്ഥയെ വൈകാരികമായി ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി കമ്യൂണിസ്റ്റുകാരനായ നായകനെ കൊണ്ട്, കണ്ണീരും വീഴ്ത്തിക്കുകയുണ്ടായി. തിരക്കഥാകൃത്തിന്റെ ‘കാവി’ മനസ്സ് തുറന്നു കാട്ടുന്ന രംഗമാണിത്. ഇതെല്ലാം പ്രബുദ്ധരായ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് കൊത്തിനിപ്പോള്‍ നല്ല കൊത്ത് തിയറ്ററുകളില്‍ നിന്നു തന്നെ ലഭിച്ചു കൊണ്ടിരിക്കുന്നത്. ചോദിച്ചു വാങ്ങിയ തിരിച്ചടിയാണിത്. അതെന്തായാലും പറയാതിരിക്കാന്‍ വയ്യ
EXPRESS KERALA VIEW